അപ്രതീക്ഷിതമായുണ്ടായ പ്രളയം കേരളത്തെ വല്ലാതെ പിടിച്ചുലച്ചിട്ടുണ്ട്. 2018ലുണ്ടായ പ്രളയത്തെ പോലെ ഭയാനകമായിരുന്നില്ലെങ്കിലും പലയിടങ്ങളിലും ദുരന്തം അതിന്റെ തീവ്രത പ്രകടിപ്പിച്ചു. പേമാരിയും ഉരുൾപൊട്ടലും അന്നത്തേപ്പോലെ പലരുടെയും ജീവനെടുത്തു. കിടപ്പാടവും സമ്പത്തുമെല്ലാം തകർത്തു. ഇതേത്തുടർന്ന് പല ചർച്ചകളും കുറ്റപ്പെടുത്തലുകളും വ്യാപകമായി ഉയർന്നിട്ടുണ്ട്. അതേപോലെ തന്നെയാണ് നദികളിലെയും ജലാശയങ്ങളിലെയും ചെളിയും മണലും മാറ്റി ആഴം കൂട്ടണമെന്ന ആവശ്യവും ഉയർന്നിട്ടുള്ളത്. എന്നാൽ, ഇത് അത്യാപത്ത് ആകുമോയെന്നാണ് ചോദ്യം ഉയരുന്നത്.
കയങ്ങളും ചുഴികളും കുറഞ്ഞോ?
2018ലെ പ്രളയത്തിന് ശേഷം സംസ്ഥാനത്തിലെ അണക്കെട്ടുകളിലും ജലാശയങ്ങളിലും എക്കലും മണലും അടിഞ്ഞ് ആഴം കുറഞ്ഞിട്ടുണ്ടെന്നത് പല പഠനങ്ങളിലൂടെ വ്യക്തമായതാണ്. എന്നാൽ, നദികളിൽ എക്കലും മണലും അടിഞ്ഞുകിടപ്പുണ്ടെന്ന് പറയുന്നത് ഏത് പഠനത്തിലാണെന്ന് വ്യക്തമാകുന്നില്ല. വർഷങ്ങളായി പുഴകളിലെയും നദികളിലെയുമൊക്കെ മണൽ വാരുന്നതിന് വിലക്കുണ്ടെന്നത് ശരിയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് മണൽ വാരണം എന്ന് ആവശ്യപ്പെടുന്നതെങ്കിൽ ലക്ഷ്യം പ്രളയത്തിന്റെ ആധിക്യം കുറയ്ക്കുകയല്ല, വാണിജ്യ പ്രശ്നം മാത്രമാണെന്ന് പരിസ്ഥിതി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വാരാതിരുന്നതുകൊണ്ട് മണലെല്ലാം വന്നടിഞ്ഞ് പുഴകളുടെ ആഴം കുറഞ്ഞെന്ന് പറയുന്നതിലെ യുക്തിയും ശാസ്ത്രീയതയുമാണ് വിദഗ്ധർ ചോദ്യം ചെയ്യുന്നത്. പശ്ചിമഘട്ട മേഖലയിൽ നിന്ന് ഒഴുകുന്ന നദികളും പുഴകളുമാണ് സംസ്ഥാനത്ത് കൂടുതലും. മഴ പെയ്യുമ്പോൾ മലമുകളിൽ നിന്ന് ഒലിച്ചെത്തുന്ന എക്കലും മണലും നദികളിൽ അടിഞ്ഞിരുന്നെങ്കിൽ നദികൾക്കുള്ളിലെ കയങ്ങളും ചുഴികളും മൂടിപ്പോകുമായിരുന്നു എന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്ന ഒരു പ്രധാന പോയിന്റ്. നദികളിലെ കയങ്ങളും ചുഴികളും മൂടപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, അവയുടെ വലിപ്പം മുമ്പുണ്ടായിരുന്നതിലും അധികം വലുതായ അവസ്ഥയാണുള്ളതെന്ന് പല മുങ്ങിമരണങ്ങൾക്കും സാക്ഷികളായ നദീതല നിവാസികളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കൂടാതെ, നദികളിലെ ആഴം കുറഞ്ഞിട്ടുണ്ടെങ്കിൽ അത് സമീപത്തെ കുളങ്ങളെയും കിണറുകളെയും ബാധിക്കും. വേനൽക്കാലത്ത് നദികളിലെ ജലനിരപ്പിന് അനുസൃതമായാകും കിണറുകളിലുള്ള വെള്ളത്തിന്റെയും നിരപ്പ്. നദികളിലെ ആഴം കുറഞ്ഞിട്ടുണ്ടെങ്കിൽ അതേ രീതിയിലല്ലേ കിണറുകളിലും കുളങ്ങളുടെയും ജലനിരപ്പ് നിലനിക്കേണ്ടതെന്നും ഇതിപ്പോൾ കാലം ചെല്ലുന്തോറും കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നുകൊണ്ടിരിക്കുകയാണെന്നും വിദഗ്ധർ പറയുന്നു.
വരൾച്ച കൂട്ടും
പുഴകളിലെയും നദികളിലെയും മണൽ വാരിയിരുന്ന ഒരു കാലഘട്ടത്തിൽ ഉണ്ടായിരുന്ന അവസ്ഥ കൂടി ഓർത്തെടുക്കുന്നത് നല്ലതായിരിക്കും. മണൽ വാരിവാരി നദികളിൽ ഗർത്തങ്ങൾ മാത്രമായപ്പോഴാണ് വിലക്ക് ഏർപ്പെടുത്തിയതും പിന്നീട് വാരാതായതും. അതേ അവസ്ഥ വീണ്ടും ഉണ്ടാകാതിരിക്കേണ്ടത് പരിസ്ഥിതി നിലനിർത്തുന്നതിന് അനിവാര്യമാണെന്ന് മാത്രമല്ല, വരൾച്ച പ്രശ്നം രൂക്ഷമാക്കാതിരിക്കാനും അത്യാവശ്യമാണ്.
നേരത്തെ ചൂണ്ടിക്കാട്ടിയത് പോലെ നദികളിലെ ജലനിരപ്പാണ് സമീപ പ്രദേശങ്ങളിലെ കിണറുകളെയും കുളങ്ങളെയും നിലനിറുത്തുന്നത്. നദികളിലെയും പുഴകളിലെയും മണലും എക്കലും വാരിയെടുത്ത് പഴയതുപോലെ വീണ്ടും ഗർത്തങ്ങളുണ്ടാക്കിയാൽ ഓരോ വർഷം ചെല്ലുന്തോറും വരൾച്ച രൂക്ഷമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സംസ്ഥാനത്തിന് ഒട്ടും താങ്ങാനാവില്ല. കിണറുകളിലെയും കുളങ്ങളിലെയും വെള്ളം ഇല്ലാതായി വരൾച്ച രൂക്ഷമായാൽ വരുന്ന ദുരന്തത്തിന് വലിയ വിലകൊടുക്കേണ്ടി വരും. പ്രത്യേകിച്ച് എൽനിനോ പോലെയുള്ള താപന പ്രതിഭാസങ്ങൾ ലോകത്ത് വലിയ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമ്പോൾ.
ആഴം കൂട്ടേണ്ടത് ജലാശയങ്ങളിലേത്
ഇതെല്ലാം പറഞ്ഞത് മണൽ വാരുന്നത് തടയണമെന്ന് ഉദ്ദേശിച്ചല്ല. പാറ പൊട്ടിച്ചെടുക്കുന്നത് പോലെ മണലെടുക്കുന്നതും മനുഷ്യന്റെ ആവശ്യങ്ങൾക്ക് വേണ്ടതുതന്നെയാണ്. ഡാമുകളിലെയും ജലസംഭരണികളിലെയും ആഴവും സംഭരണശേഷിയും വർദ്ധിപ്പിക്കുന്നതിന് മണലും എക്കലും നീക്കേണ്ടത് അത്യാവശ്യമാണ്. എന്നാലും അതിനെല്ലാം ഓരോ പരിധികളും നിയന്ത്രണങ്ങളും ഏർപ്പെടുത്തേണ്ടതുണ്ട്. വെള്ളമൊഴുക്കുള്ള നദികളിൽ മഴക്കാലത്ത് ഒരു പരിധിവരെ മണലെടുത്താൽ നദികളുടെ സ്വാഭാവിക അവസ്ഥയ്ക്കോ ജലനിരപ്പിനോ വ്യതിയാനമുണ്ടാക്കില്ല. മതിയായ ഒഴുക്കില്ലാത്ത സമയത്ത് മണലെടുക്കാൻ അനുവദിച്ചാൽ ജലനിരപ്പ് താഴുക മാത്രമല്ല, തീരമിടിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്കും ഇടയാക്കും.
ഡാമുകളിലേത് പോലെ കായലുകൾ, തടാകങ്ങൾ, കുളങ്ങൾ എന്നിവ അടക്കമുള്ള ജലാശയങ്ങളിലെ മണ്ണും ചെളിയും കൂടി നീക്കം ചെയ്യണം. വയലുകൾ കുറഞ്ഞതും കൈത്തോടുകൾ ഇല്ലാതായതും ജലാശയങ്ങളുടെ വിസ്തൃതി കുറഞ്ഞതുമൊക്കെയാണ് പ്രളയം ഇത്രയധികം ഭയാനകമാക്കിയതെന്ന യാഥാർഥ്യം കണ്ടില്ലെന്ന് നടിക്കാനാകില്ല. അതിനെ മറികടക്കാൻ നദികളെ കുരുതി കൊടുക്കരുത്.
നദികളിലെ ആഴംകൂട്ടൽ മറ്റൊരു ദുരന്തമാവുമോ? ആഴം അറിയാതെ കയത്തിലേക്ക് എടുത്ത് ചാടരുത്
