കേരളത്തില്‍ വന്നിട്ടും മോഡി ശബരിമലയിലെ സ്വര്‍ണക്കൊള്ളയെ കുറിച്ച് സംസാരിക്കാത്തത് എന്താണ്: രാഹുല്‍ ഗാന്ധി

കേരളത്തില്‍ വന്നിട്ടും മോഡി ശബരിമലയിലെ സ്വര്‍ണക്കൊള്ളയെ കുറിച്ച് സംസാരിക്കാത്തത് എന്താണ്: രാഹുല്‍ ഗാന്ധി


ആലപ്പുഴ: ഏപ്രില്‍ 9ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ രാജ്യത്ത് ഇടതുപക്ഷം ഇല്ലാതാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സി പി എം വിട്ട് അമ്പലപ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മുന്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സി പി എമ്മിനെ നയിക്കുന്നത് 'വര്‍ഗീയതയുടെ അദൃശ്യ ചരടുകളാണെന്ന്' രാഹുല്‍ ആരോപിച്ചു. ഇടതുപക്ഷം ഇപ്പോള്‍ യഥാര്‍ഥ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നില്ല. തന്നെ പാര്‍ട്ടി വഴിയാധാരമാക്കിയെന്ന സുധാകരന്റെ ആരോപണം സൂചിപ്പിച്ചുകൊണ്ട്, നിലവിലെ എല്‍ ഡി എഫ് നേതൃത്വത്തെ 'അവസരവാദികളെന്നും' 'വഞ്ചിക്കപ്പെട്ടവരെന്നും' അദ്ദേഹം രണ്ട് ഗ്രൂപ്പുകളായി തരംതിരിച്ചു.

'ഇന്ന് ഇടതുപക്ഷത്ത് രണ്ട് തരം നേതാക്കളാണുള്ളത്,' രാഹുല്‍ പറഞ്ഞു. 'ഒരു വിഭാഗം അധികാരം നിലനിര്‍ത്താന്‍ ബി ജെ പി ഉള്‍പ്പെടെ ആരുടെയും സഹായം തേടാന്‍ മടിക്കാത്ത അവസരവാദികളാണ്. രണ്ടാമത്തെ വിഭാഗം ഇടതുപക്ഷ പ്രത്യയശാസ്ത്രത്തില്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നവരാണ്, എന്നാല്‍ അവര്‍ ഇന്ന് വഞ്ചിക്കപ്പെട്ടവരായി നില്‍ക്കുന്നു.' കോണ്‍ഗ്രസിനെ നിരന്തരം വേട്ടയാടുന്ന കേന്ദ്ര ഏജന്‍സികളും പ്രധാനമന്ത്രിയും കേരള മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം എന്തുക്കൊണ്ടാണ് വെറുതെ വിട്ടിരിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

'ഞാന്‍ ആര്‍ എസ് എസിനോടാണ് പോരാടുന്നത്. അതിന്റെ ഫലമായി രാജ്യത്തുടനീളം എനിക്കെതിരെ 38-ലധികം കേസുകളുണ്ട്. ബി ജെ പിയും നരേന്ദ്ര മോഡിയും എന്നെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും നിരന്തരം വേട്ടയാടുന്നു. എങ്കിലും ഞാന്‍ പിന്മാറില്ല,' രാഹുല്‍ പ്രഖ്യാപിച്ചു. 'എന്നാല്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി നിങ്ങളുടെ മുഖ്യമന്ത്രിയെ തൊടാത്തത്? എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെ നടപടിയുണ്ടാകാത്തത്?' ദേശീയതലത്തില്‍ ഇടതുപക്ഷം ബി ജെ പിക്ക് വെല്ലുവിളിയല്ലെന്ന് അറിയാവുന്നത് കൊണ്ട് മുഖ്യമന്ത്രിയെയും ഇടതിനെയും സഹായിക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമലയിലെ സ്വര്‍ണ്ണമോഷണ വിഷയത്തില്‍ പ്രധാനമന്ത്രി പുലര്‍ത്തുന്ന മൗനത്തെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. 'നരേന്ദ്ര മോഡി എന്നും ക്ഷേത്രങ്ങളെക്കുറിച്ച് സംസാരിക്കുകയും മറ്റുള്ളവര്‍ ക്ഷേത്രങ്ങളെ അപമാനിക്കുന്നുവെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രത്തില്‍ കൊള്ള നടന്നു. അയ്യപ്പ സ്വാമിയുടെ സ്വര്‍ണ്ണം മോഷ്ടിക്കപ്പെടുകയും പകരം ചെമ്പ് സ്ഥാപിക്കുകയും ചെയ്തു,' രാഹുല്‍ ആരോപിച്ചു. എല്‍ ഡി എഫുമായുള്ള 'ധാരണ' സംരക്ഷിക്കാനാണ് കേരളം സന്ദര്‍ശിച്ചിട്ടും ഈ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം പാലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇടതുപക്ഷത്തെ സഹായിക്കാനുള്ള ശ്രമത്തില്‍ മോഡി ദൈവത്തെപ്പോലും മറന്നു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രധാനമന്ത്രി പുലര്‍ത്തുന്ന മൗനം ബി ജെ പി- സി പി എം അവിശുദ്ധ കൂട്ടുകെട്ടിന്റെ ഏറ്റവും വലിയ തെളിവാണ്,' രാഹുല്‍ പറഞ്ഞു.