ആരായിരിക്കും മുഖ്യമന്ത്രി ? കോൺഗ്രസിൽ ത്രികോണ പോരാട്ടം; തീരുമാനം ഹൈക്കമാൻഡിന്

ആരായിരിക്കും മുഖ്യമന്ത്രി ? കോൺഗ്രസിൽ ത്രികോണ പോരാട്ടം; തീരുമാനം ഹൈക്കമാൻഡിന്


തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ശക്തമായ വിജയം നേടിയതോടെ മുഖ്യമന്ത്രിസ്ഥാനം ആരുടെ കൈകളിലേക്ക് പോകുമെന്ന ചോദ്യമാണ് കോൺഗ്രസിനുള്ളിൽ ഇപ്പോൾ ചർച്ചാവിഷയം. നിലവിൽ പ്രതിപക്ഷ നേതാവായ വി.ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവരാണ് പ്രധാനമായും പരിഗണനയിൽ ഉള്ളത്.

കോൺഗ്രസിന്റെ പതിവ് പ്രകാരം എം.എൽ.എമാരുടെ അഭിപ്രായം ശേഖരിച്ചശേഷം ഹൈക്കമാൻഡ് ആണ് അന്തിമ തീരുമാനം എടുക്കുക. ഇതിനായി കേന്ദ്രനേതൃത്വം പ്രതിനിധികളെ സംസ്ഥാനത്തേക്ക് അയക്കും. ഇവരുടെ നേതൃത്വത്തിൽ ചേർന്ന യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന അധികാരം പാർട്ടി പ്രസിഡന്റിന് ഏൽപ്പിക്കുന്ന പ്രമേയം പാസാക്കുന്നതാണ് സാധാരണ രീതി. എന്നാൽ എംഎൽഎമാരുടെ അഭിപ്രായം മാത്രം പരിഗണിക്കാതെ മറ്റു ഘടകങ്ങൾ കൂടി പരിഗണിക്കണം എന്ന വി.ഡി സതീശന്റെ ആവശ്യം കേന്ദ്രനേതൃത്വത്തിന്റെ മുന്നിലുണ്ട്. 

മൂന്ന് നേതാക്കൾക്കും തങ്ങളുടെ ശക്തികളും പരിമിതികളും ഉണ്ട്. തുടർച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ മുന്നണിക്ക് ആത്മവിശ്വാസം നൽകിയ നേതാവെന്ന നിലയിൽ വി.ഡി. സതീശന് ശക്തമായ പിന്തുണയുണ്ട്. എന്നാൽ അദ്ദേഹം തുടരുന്ന കർശന നിലപാടുകൾ ചില വിഭാഗങ്ങളിൽ അസ്വീകാര്യത സൃഷ്ടിക്കുമെന്ന വിമർശനവും ഉയരുന്നു.

മറ്റുവശത്ത്, ദീർഘകാല രാഷ്ട്രീയ പരിചയസമ്പത്തുള്ള രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരുന്ന കാലത്ത് പാർട്ടി സംഘടനയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റിയ നേതാവാണ്. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിയെ വിജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞില്ലെന്നത് അദ്ദേഹത്തിന് തിരിച്ചടിയായി കണക്കാക്കപ്പെടുന്നു.

ദേശീയ തലത്തിൽ സ്വാധീനമുള്ള നേതാവെന്ന നിലയിൽ കെ.സി. വേണുഗോപാലിനും സാധ്യതകൾ ഉണ്ട്. തിരഞ്ഞെടുപ്പ് സംവിധാനത്തിൽ നിർണായക പങ്കുവഹിച്ചതും ഹൈക്കമാൻഡിന്റെ വിശ്വാസവും അദ്ദേഹത്തിന് അനുകൂലമാണ്. പക്ഷേ എം.പി. സ്ഥാനത്ത് തുടരുമ്പോൾ മുഖ്യമന്ത്രി സ്ഥാനമേൽക്കുന്നതിലെ രാഷ്ട്രീയ പ്രത്യാഘാതങ്ങളും ഉപതിരഞ്ഞെടുപ്പ് സാധ്യതയും ചർച്ചയാകുന്നു.

ഇതെല്ലാം പരിഗണിച്ചായിരിക്കും കോൺഗ്രസ് ഹൈക്കമാൻഡ് അന്തിമ തീരുമാനം കൈക്കൊള്ളുക. മുഖ്യമന്ത്രിയെ സംബന്ധിച്ച പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന.  മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ അഭിപ്രായവും സ്വീകാര്യതയും ഹൈക്കമാൻഡ്പരിഗണിക്കാനിടയുണ്ട് എന്ന തരത്തിലും ചർച്ചകളുണ്ട്. മുന്നണിയെ വിജയത്തിലെത്തിക്കാൻ നേതൃത്വം നൽകിയ പ്രതിപക്ഷനേതാവ് എന്ന നിലയിൽ വി.ഡി സതീശന് ലീഗിന്റെ പരോക്ഷ പിന്തുണയുണ്ട്. ഇത് കണക്കിലെടുത്താണ് പാർട്ടി എം എൽ എമാരുടെ പിന്തുണമാത്രം പരിഗണിച്ചാൽ പോരാ എന്ന ആവശ്യം സതീശൻ ഹൈക്കമാൻഡിനുമുന്നിൽ വെച്ചിട്ടുള്ളത്.