വയനാട് തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറന്‍സ് കൂടി ലഭിച്ചു

വയനാട് തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറന്‍സ് കൂടി ലഭിച്ചു


കോഴിക്കോട്: ആനയ്ക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറന്‍സ് കൂടി ലഭിച്ചു. തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട ഫൈനല്‍ ക്ലിയറന്‍സാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കോഴിക്കോട്ടെ ആനക്കാംപൊയിലില്‍നിന്ന് വയനാട്ടിലെ മേപ്പാടിയിലേക്ക് വേഗത്തില്‍ എത്താനാകും. കിഫ്ബി പദ്ധതിയില്‍ 2134.5 കോടി രൂപ ചെലവില്‍ നാലുവരിയായാണ് നിര്‍മാണം. നിര്‍വഹണ ഏജന്‍സി കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡ്. വയനാട്ടില്‍ 5.58 കിലോമീറ്ററും കോഴിക്കോട് 3.15 കിലോമീറ്ററുമായി 8.73 കിലോമീറ്ററാണ് ദൈര്‍ഘ്യം. ഇതില്‍ 8.1 കിലോമീറ്റര്‍ ഇരട്ട ടണല്‍.

വയനാടിന്റെയും കോഴിക്കോടിന്റെയും മലയോര മേഖലയുടെ സമഗ്രവികസനത്തിനുള്ള വഴിയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ തുറന്നിടുന്നത്. ടൂറിസം, കാര്‍ഷിക, വ്യാപാര മേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. 60 മാസംകൊണ്ട് പൂര്‍ത്തിയാക്കുന്ന പാത താമരശ്ശേരി ചുരത്തിലെ മുടിപിന്‍ വളവുകളില്‍ കയറാതെ വയനാട്ടിലേക്കുള്ള വേഗ മാര്‍ഗമാകും. കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡ് (കെ ആര്‍ സി എല്‍) ആണ് നിര്‍വഹണ ഏജന്‍സി. തുരങ്ക മുഖത്തേക്കുള്ള പ്രധാനപാതയുടെ പ്രവൃത്തി ആരംഭിച്ചു. പാരിസ്ഥിതികാനുമതിയടക്കം സ്വന്തമാക്കിയാണ് ടെന്‍ഡറിലേക്ക് കടന്നത്.