തിരുവന്തപുരത്ത് വി.വി രാജേഷ് ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥി

തിരുവന്തപുരത്ത് വി.വി രാജേഷ് ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥി


തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയായി വി വി രാജേഷിനെ പ്രഖ്യാപിച്ചു. ജില്ല കമ്മിറ്റി ഓഫീസില്‍ നടന്ന അടിയന്തര യോ?ഗത്തിന് ശേഷമാണ് തീരുമാനം. ആശാ നാഥ് ആണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥി. തലസ്ഥാനത്തെ ബിജെപിയുടെ മുഖമായ വിവി രാജേഷ് ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. കൊടുങ്ങാനൂര്‍ കൗണ്‍സിലറുമാണ് ഇദ്ദേഹം. കൗണ്‍സിലറായി ഇത് രണ്ടാമൂഴമാണ്.
ജില്ല പ്രസിഡന്റ് കരമന ജയന്‍, വി വി രാജേഷ്, ആര്‍ ശ്രീലേഖ, ജില്ല ജനറല്‍ പാപ്പനം കോട് സജി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. രാജേഷിനായി അവസാന നിമിഷം ഇടപെട്ടത് മുരളീധര പക്ഷമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.

ആര്‍എസ്എസ് നേതൃത്വം വി വി രാജേഷിനെയാണ് പിന്തുണച്ചിരുന്നത്. സിപിഎമ്മിന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്ത തലസ്ഥാന നഗര ഭരണ തലപ്പത്തേക്ക് രാഷ്ട്രീയ രംഗത്തു നിന്നുള്ള ആള്‍ തന്നെ വേണമെന്നാണ് ആര്‍എസ്എസ് നിര്‍ദേശിച്ചതെന്നാണ് വിവരം. കൗണ്‍സിലര്‍മാരില്‍ ഒരു വിഭാഗം ശ്രീലേഖയെ മേയറാക്കുന്നതില്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചതായാണ് സൂചന.

രാഷ്ട്രീയപരിചയം ഇല്ലാത്ത ശ്രീലേഖ പെട്ടെന്ന് മേയറാകുന്നത് നഗരസഭ ഭരണം മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ പ്രശ്‌നം നേരിട്ടേക്കാമെന്നും കേരളത്തില്‍ നിന്നുള്ള ഏതാനും മുതിര്‍ന്ന നേതാക്കള്‍ ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന് ശ്രീലേഖയെ മേയറാക്കാമെന്ന ഏകദേശ ധാരണയിലെത്തിയിരുന്നു. ഏറ്റവും ഒടുവിലാണ് ചര്‍ച്ചകള്‍ നാടകീയമായി രാജേഷിന് അനുകൂലമായി മാറിയത്.