നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു


മലപ്പുറം: നിലമ്പൂരില്‍ വോട്ടെടുപ്പ് ആരംഭിച്ചു.  നിലമ്പൂര്‍ ആയിഷ മുക്കട്ട എല്‍പി സ്‌കൂളില്‍ വോട്ടു രേഖപ്പെടുത്തി. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ് മാങ്കുത്ത് എല്‍പി സ്‌കൂളില്‍ വോട്ടു രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ 184ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. സ്വതന്ത്രനായ പി വി അന്‍വറിനു മണ്ഡലത്തില്‍ വോട്ടില്ല. രാവിലെ തന്നെ നിരവധി പേരാണ് വോട്ടു ചെയ്യാനെത്തിയത്. 

രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്. 7787 പുതിയ വോട്ടര്‍മാര്‍ ഉള്‍പ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടര്‍മാരുണ്ട്. 263 പോളിങ് ബൂത്തുകളാണ് മണ്ഡലത്തില്‍ ഒരുക്കിയിട്ടുള്ളത്. 14 പ്രശ്‌ന സാധ്യത ബൂത്തുകളും ഉള്‍പ്പെടുന്നു. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16ന് പൂര്‍ത്തിയായിരുന്നു.

ഉപതെരഞ്ഞെടുപ്പില്‍ പത്തു സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. അഡ്വ. മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്) എം സ്വരാജ് (എല്‍ഡിഎഫ്) അഡ്വ. സാദിഖ് നടുത്തൊടി (എസ്ഡിപിഐ) പി വി അന്‍വര്‍ (സ്വതന്ത്രന്‍) എന്‍ ജയരാജന്‍ (സ്വത.) പി രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (സ്വത.) വിജയന്‍ (സ്വത.) സതീഷ് കുമാര്‍ ജി (സ്വത.) ഹരിനാരായണന്‍ (സ്വത.). എന്നിവരാണ് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍.ഈ മാസം 23 നാണ് വോട്ടെണ്ണല്‍.

വഴിക്കടവ്, എടക്കര, പോത്തുകല്ല്, മൂത്തേടം, കരുളായി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അടങ്ങുന്നതാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം. സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി പോളിങ് ബൂത്തുകളില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഇടതുസ്വതന്ത്രനായി നിലമ്പൂരില്‍ ജയിച്ച പി വി അന്‍വര്‍ സര്‍ക്കാരുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിലേക്ക് നിലമ്പൂര്‍ നീങ്ങിയത്. 2021 ലെ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത 46.9 % വോട്ടും നേടി 2,700 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്‍വര്‍ കോണ്‍ഗ്രസിന്റെ വി വി പ്രകാശിനെ തോല്‍പ്പിച്ചത്.