കേരളത്തില്‍ ഭരണമാറ്റം ഉറപ്പെന്ന് സര്‍വേ; തരൂര്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍

കേരളത്തില്‍ ഭരണമാറ്റം ഉറപ്പെന്ന് സര്‍വേ; തരൂര്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍


തിരുവനന്തപുരം: കേരളത്തില്‍ ഭരണമാറ്റം പ്രവചിക്കുന്ന ദേശീയ ഏജന്‍സിയുടെ സര്‍വേയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം പേര്‍ പിന്തുണയ്ക്കുന്നത് ശശി തരൂരിനെ. 28.3 ശതമാനം പേര്‍ പിന്തുണയ്ക്കുന്നത് ശശി തരൂരിനെയാണെന്നാണ് വോട്ട് വൈബ് എന്ന ഏജന്‍സയുടെ സര്‍വേ പറയുന്നത്.

മറുവശത്ത് ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ കെ കെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് 24 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നുവെന്നും ഏജന്‍സി പറയുന്നു. 17.5 ശതമാനം പേരുടെ പിന്തുണ മാത്രമാണ് പിണറായിക്കുള്ളത്. 41.5 ശതമാനം പേര്‍ എല്‍ ഡി എഫിലെ അനിശ്ചിതത്വവും ചൂണ്ടിക്കാട്ടുന്നുണ്ട്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 47.9 ശതമാനം പേര്‍ കേരളത്തില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തമാണെന്ന് അഭിപ്രായപ്പെട്ടതായാണ് സര്‍വേ പറയുന്നത്. സ്ത്രീകള്‍ക്കിടയിലാണ് ഈ അഭിപ്രായം ഏറ്റവും ശക്തമായുള്ളത് (39 പുരഷന്മാര്‍ക്കെതിരെ 43 ശതമാനം സ്ത്രീകള്‍).

തങ്ങളുടെ നിലവിലെ എം എല്‍ എ മാറണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 62 ശതമാനം പേരും അഭിപ്രായപ്പെടുന്നത്. 

കേരളത്തില്‍ വികസനം കൊണ്ടുവരുന്നതിന് ഏറ്റവും അനുയോജ്യ സംവിധാനം ഐക്യജനാധിപത്യമുന്നണിയാണെന്നാണ് 38.9 പേരും വിശ്വസിക്കുന്നത്. എല്‍ ഡി എഫാണ്  വികസനകാര്യത്തില്‍ മെച്ചമെന്ന്  27.8 ശതമാനം പേര്‍ മാത്രമാണ്. ഇതിലും വിസ്മയകരം 23.1  ശതമാനം പേര്‍ വികസന കാര്യത്തില്‍ ബി ജെ പിയെ കൂടുതല്‍ വിശ്വസിക്കുന്നുവെന്നതാണ്. എല്‍ ഡി എഫിന് തൊട്ടുപിന്നില്‍ അവരുണ്ടെന്നാണ് ഇത് കാണിക്കുന്നത്.

കോണ്‍ഗ്രസിനെ ശക്തമായ ബദലായി കാണുന്നതിനിടയിലാണ് ശശി തരൂരാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ എന്ന അഭിപ്രായം ഉയര്‍ന്നിട്ടുളളതെന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള തര്‍ക്കങ്ങള്‍ക്കിടെ സര്‍വ്വേയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശശി തരൂര്‍ പങ്കുവച്ചത് പുതിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യും.

സര്‍വേയില്‍ പങ്കെടുത്ത 27 ശതമാനം പേര്‍ യു ഡി എഫില്‍ ആരാകും മുഖ്യമന്ത്രിയെന്നതില്‍ അനിശ്ചിതത്വമാണെന്നും അഭിപ്രായപ്പെടുന്നുണ്ട്.