തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമുദ്രവ്യവസായ രംഗത്ത് പുതിയ അധ്യായം തുറന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് 2000 കോടി രൂപയുടെ വൻകിട ലോജിസ്റ്റിക്‌സ് വികസന പദ്ധതിയുമായി കേരള സർക്കാർ. തുറമുഖത്തെ സമ്പൂർണ സാമ്പത്തിക വികസന കേന്ദ്രമായി മാറ്റുകയെന്ന ലക്ഷ്യത്തോടെ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ എന്നിവയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.
നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ, വിസിൽ ചെയർമാനും കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. തുറമുഖ നിർമ്മാണത്തിൽ ഒതുങ്ങാതെ വിഴിഞ്ഞത്തെ സമഗ്ര സാമ്പത്തിക ഹബ്ബാക്കി ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള വിസിൽ, മൂന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേർന്ന് അടിസ്ഥാന സൗകര്യ വികസനത്തിന് തുടക്കമിടുകയാണ്.
തുറമുഖാധിഷ്ഠിത വ്യവസായിക ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനത്തിന്റെ സാമ്പത്തിക പരിവർത്തനത്തിൽ നിർണായക പങ്കുവഹിക്കുന്നതിലും വിസിലിന് ചുമതല നൽകിയ ഡയറക്ടർ ബോർഡ് തീരുമാനത്തിന്റെ തുടർച്ചയായാണ് ഈ നീക്കം.
'കേരള മാതൃക'യിൽ തുറമുഖ വികസനം
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വിഴിഞ്ഞം തുറമുഖം പ്രവർത്തിച്ചാലും, കപ്പലുകൾക്കാവശ്യമായ ഇന്ധനവിതരണം, യാർഡുകൾ, ചരക്ക് നീക്കത്തിനുള്ള റെയിൽ ബന്ധം തുടങ്ങിയ തന്ത്രപ്രധാന സംവിധാനങ്ങൾ പൊതുമേഖലയിൽ തന്നെ നിലനിർത്തുന്നതാണ് സർക്കാർ സമീപനം. ചരക്ക് കൈമാറ്റത്തിൽ കുത്തകവൽക്കരണം തടയുകയും വ്യാപാരികൾക്ക് ന്യായമായ നിരക്ക് ഉറപ്പാക്കുകയും രാജ്യത്തിന്റെ സമുദ്രസുരക്ഷയും സംസ്ഥാന താൽപര്യങ്ങളും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
2000 കോടിയുടെ പദ്ധതികൾ
ഇന്ധനസുരക്ഷ ഉറപ്പാക്കാൻ 700 കോടി രൂപയുടെ നിക്ഷേപത്തോടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് വിഴിഞ്ഞത്ത് വൻകിട ബങ്കറിങ് സൗകര്യങ്ങൾ സ്ഥാപിക്കും. ഇതോടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രധാന ഇന്ധന ഹബ്ബായി വിഴിഞ്ഞം മാറുമെന്നാണ് പ്രതീക്ഷ.
റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ 600 കോടി രൂപ വിനിയോഗിച്ച് കണ്ടെയ്‌നർ ഡിപ്പോകളും ചരക്ക് നീക്ക സംവിധാനങ്ങളും വികസിപ്പിക്കും. റെയിൽ മാർഗം ചരക്ക് രാജ്യമെമ്പാടും കാര്യക്ഷമമായി എത്തിക്കാനാണ് പദ്ധതി.
സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ 700 കോടി രൂപ മുതൽമുടക്കി അത്യാധുനിക മൾട്ടിമോഡൽ ലോജിസ്റ്റിക്‌സ് പാർക്കും വൻകിട ഗോഡൗണുകളും സ്ഥാപിക്കും. സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാതെ നടപ്പാക്കുന്ന പദ്ധതിയിൽ കോൾഡ് സ്റ്റോറേജുകളും കയറ്റുമതി അനുബന്ധ യൂണിറ്റുകളും സജ്ജീകരിക്കും.
തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, വകുപ്പ് സെക്രട്ടറി ഡോ. എ. കൗശിഗൻ, വിസിൽ എം.ഡി. ഡോ. ദിവ്യ എസ്. അയ്യർ എന്നിവർ ഉൾപ്പെടെ സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. വിഴിഞ്ഞം തുറമുഖത്തെ ആസ്പദമാക്കി സംസ്ഥാനത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന നീക്കമാണിതെന്ന് സർക്കാർ വിലയിരുത്തുന്നു.
വിഴിഞ്ഞത്ത് 2000 കോടി രൂപയുടെ പൊതുമേഖലാ ലോജിസ്റ്റിക്‌സ് വിപ്ലവം; സമുദ്രവ്യവസായ കുതിപ്പിന് കേരള സർക്കാരിന്റെ മാസ്റ്റർപ്ലാൻ
