വിഴിഞ്ഞം രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു

വിഴിഞ്ഞം രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ശനിയാഴ്ച വൈകിട്ട് പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയായി. 

നിരവധി പ്രയാസങ്ങളും പ്രതിബന്ധങ്ങളും പദ്ധതി നടപ്പാക്കുന്നതില്‍ നേരിട്ടതായി മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അവയെല്ലാം അതിജീവിച്ച് വിഴിഞ്ഞം വിസ്മയമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തുറമുഖത്തിന്റെ സമ്പൂര്‍ണ വികസനമാണ് ഈ ഘട്ടത്തില്‍ പൂര്‍ത്തിയാകുക. 2028 ഓടെ നിര്‍മാണം പൂര്‍ത്തിയായി വിഴിഞ്ഞം പൂര്‍ണ സജ്ജമാകും.

10,000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഈ ഘട്ടത്തില്‍ നടക്കുക. റെയില്‍വേ യാര്‍ഡ്, മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ലിക്വിഡ് ടെര്‍മിനല്‍, ടാങ്ക് ഫാം എന്നിവയും രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടും. 2028ഓടെ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ തുറമുഖത്തിന്റെ ശേഷി അഞ്ചിരട്ടിയായി ഉയരും. 2025 മെയ് 2നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി കമ്മീഷന്‍ ചെയ്തത്.