വിധി തെളിവുകളുടെ അടിസ്ഥാനത്തില്‍: വി ഡി സതീശന്‍

വിധി തെളിവുകളുടെ അടിസ്ഥാനത്തില്‍: വി ഡി സതീശന്‍


കോഴിക്കോട്: നടിയെ പീഡിപ്പിച്ച കേസില്‍ ഇന്നയാളെ ശിക്ഷിക്കണമെന്ന് പറയാന്‍ കഴിയില്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു.

കേസില്‍ കോടതി വിധി വന്നതിന് പിന്നാലെ കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശന്‍. ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തിലാണ്.

അതിക്രമത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ കുറ്റക്കാരാണെന്ന് കണ്ടത്തിയ വിധി ആശ്വാസകരമാണ്. ഒരു സ്ത്രീക്കും സംഭവിക്കാന്‍ പാടില്ലാത്ത ദുരിതമാണ് അതിജീവിതക്ക് ഉണ്ടായത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിധി വളരെ സഹായകരമാകും. അന്ന് തൃക്കാക്കര എം എല്‍ എയായ പി ടി തോമസിന്റെ ഇടപെടലാണ് ഇങ്ങനെയൊരു പരിസമാപ്തിയിലേക്ക് കേസ് വന്നത്. അദ്ദേഹത്തിന്റെ ഇടപെടല്‍ ഇല്ലെങ്കില്‍ ഒരുപക്ഷേ കേസ് പോലും ഇല്ലാതെ പോകുമായിരുന്നു.

മയക്കുമരുന്ന് വ്യാപനം ഉണ്ടായതോടുകൂടി സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവരുന്നു. പരാതികളുമായി പോയാല്‍ സ്ത്രീകള്‍ക്ക് നീതി കിട്ടുമെന്ന് ഉറപ്പാക്കാന്‍ ഇപ്പോഴത്തെ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. ഇന്നത്തെ കാലഘട്ടത്തനുസരിച്ച് അത് മാറേണ്ടതുണ്ട്. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് പോകും. പ്രോസിക്യഷന്‍ പരാജയമാണോ എന്നത് പറയേണ്ടത് കോടതിയാണ്. വിധി പകര്‍പ്പ് കണ്ടശേഷമേ അതില്‍ എന്തെങ്കിലും പറയാന്‍ പറ്റുകയുള്ളു.

അതേസമയം, കോടതി വിധി തൃപ്തികരമല്ലെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ പറഞ്ഞു. കേസ് വാദിച്ച് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. ഗൂഢാലോചന ഭാഗം തെളിയിക്കാന്‍ കഴിയാതെ പോയത് കേസ് അന്വേഷിച്ച പൊലീസിന്റെയും പ്രോസിക്യൂഷന്റെയും പരാജയമാണെന്നും അദ്ദേഹം കുററപ്പെടുത്തി.