കൊച്ചി: കമ്പനി നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് എസ്.എൻ.ഡി.പിയോഗത്തിന്റെ നിലവിലെ ഭരണസമിതിയെ ഹൈക്കോടതി സ്ഥാനങ്ങളിൽ നിന്ന് നീക്കി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ.സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരുൾപ്പെടെയുള്ള എല്ലാ ഭാരവാഹികളെയും ഒഴിവാക്കണമെന്നതാണ് കോടതി ഉത്തരവ്. കൂടാതെ സംഘടനയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ പുതിയബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കണമെന്നും കോടതി നിർദേശിച്ചു.
2013 മുതൽ തുടർച്ചയായി മൂന്ന് വർഷം വാർഷിക കണക്കുകളും റിട്ടേണുകളും സമർപ്പിക്കാത്തതിനെകോടതി ഗുരുതരമായ നിയമലംഘനമായി വിലയിരുത്തി. രജിസ്‌ട്രേഷൻ വകുപ്പ് സമർപ്പിച്ച റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ഹൈക്കോടതി ഈ തീരുമാനം എടുത്തത്. ഇതോടെ വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള നിലവിലെ ഭാരവാഹികൾക്ക് നിയമപരമായി സ്ഥാനങ്ങളിൽ തുടരാനുള്ള അയോഗ്യത ഉണ്ടായിരിക്കുകയാണ്.
വിധി പുറത്തുവന്നതിനെ തുടർന്ന് വെള്ളാപ്പള്ളി നടേശൻ തന്നെയാണ് സ്ഥാനനീക്ക വിവരം സ്ഥിരീകരിച്ചത്. തന്നെ മാത്രമല്ല, മുഴുവൻ ഭാരവാഹികളെയും കോടതി നീക്കിയതായി അദ്ദേഹം പറഞ്ഞു. വിധിയെക്കുറിച്ച് വിശദമായി പഠിച്ചശേഷം പ്രതികരിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് അറിയിച്ചു.
ഭരണസമിതി അയോഗ്യരായതോടെ എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ പുതിയ ഡയറക്ടർ ബോർഡ് നിയമിക്കേണ്ട സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. സമുദായത്തിനുള്ളിൽ ജനാധിപത്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുമ്പ് തന്നെ പ്രതിഷേധം ഉയർന്നിരുന്നു.
