തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ നടന്ന ഇ.ഡി റെയ്ഡ് മോദി- വി.ഡി ഡീൽ ആണെന്ന പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. സതീശൻ ആദ്യമായി ഒരു കാര്യം പറഞ്ഞതല്ലേ, മോദി അപ്പോൾ തന്നെ ഫോണെടുത്ത് 12 ഇടങ്ങളിൽ റെയ്ഡ് നടത്താൻ നിർദ്ദേശിക്കുകയായിരുന്നു. മുന്‍മന്ത്രിമാരായവര്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യം പറഞ്ഞത് കേട്ടപ്പോള്‍ ചിരിക്കണോ കരയണമോയെന്നറിയാത്ത അവസ്ഥയിലായിരുന്നു. എന്നാല്‍ ഒരിക്കലും മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അത്തരമൊരു അഭിപ്രായം പറയില്ലെന്നും സതീശന്‍ പറഞ്ഞു.
ഇഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു റോളുമില്ല. കേന്ദ്ര ഏജന്‍സി നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് അവര്‍ നടപടി സ്വീകരിക്കുന്നത്. അവര്‍ റെയ്ഡ് നടത്തുന്ന കാര്യവും റെയ്ഡ് കഴിഞ്ഞുപോകുന്ന കാര്യവും സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. എന്നാല്‍ അവിടെ ഉചിതമായ നടപടി സ്വീകരിച്ച ആഭ്യന്തരമന്ത്രിയെ പ്രത്യേകം അഭിനന്ദിക്കുന്നു. ഒരു അറിയിപ്പ് ലഭിക്കാഞ്ഞിട്ടും അവിടെ പോലീസിനെ അയച്ച് സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണത്തിന് എത്തിയ സംഘത്തെ ക്രിമിനലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരുകൂട്ടം ആളുകള്‍ തടഞ്ഞുവയ്ക്കുന്നത് ശരിയാണോയെന്നും സതീശന്‍ ചോദിച്ചു. അത് അംഗീകരിക്കില്ല. വീണാ വിജയനെതിരെ തങ്ങള്‍ ഉന്നയിച്ച ആരോപണമാണ് എക്‌സാലോജിക് കേസ്. നാലുകൊല്ലം മുന്‍പുണ്ടായ കേസില്‍ പിണറായി സര്‍ക്കാര്‍ ഇറങ്ങുന്നതുവരെ കേന്ദ്ര ഏജന്‍സി ഒന്നും ചെയ്തിട്ടില്ല. അധികാരത്തില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സി തുടര്‍നടപടികള്‍ സ്വീകരിച്ചത്. റെയ്ഡിന് പിന്നാലെ പുറത്തിറങ്ങിയ പിണറായി വിജയൻ, രാഹുല്‍ ഗാന്ധിയെയാണ് കുറ്റപ്പെടുത്തിയത്. മോദിയെയോ അമിത് ഷായെയോ കുറിച്ച് ഒന്നും പറഞ്ഞില്ല. രാഹുല്‍ ഗാന്ധിയാണോ റെയ്ഡിനെ ആളെ വിട്ടതെന്നും സതീശന്‍ ചോദിച്ചു. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുമ്പോള്‍ അത് വേണ്ടെന്ന് സര്‍ക്കാരിന് പറയാന്‍ കഴിയുമോ? രാഹുല്‍ ഗാന്ധിക്കെതിരായ കേസിനെ കോണ്‍ഗ്രസ് രാഷ്ട്രീയമായാണ് നേരിട്ടത്. ഇവിടെ ഗുരുതരമായ കുറ്റകൃത്യമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷയത്തിൽ മാദ്ധ്യമങ്ങള്‍ സ്വീകരിച്ച നിലപാടിനെയും സതീശൻ വിമർശിച്ചു. ഒരു കാര്യത്തില്‍ മറുപടി പറയാനുള്ള തീരുമാനം തന്റെ അവകാശമാണ്. അതെങ്കിലും തനിക്ക് തരണം. ചോദ്യം ചോദിക്കുന്നതിനിടെ ഒരു മൈക്ക് തന്റെ മുഖത്ത് വന്നാണ് ഇടിച്ചത്. അപ്പോഴും ഒന്നും പറഞ്ഞില്ല. ഒരുവിഷയത്തില്‍ പഠിച്ചിട്ടേ പറയാവൂ എന്നതാണ് തന്റെ രീതി. ചോദ്യം ചോദിക്കാനുള്ള മാധ്യമങ്ങളുടെ അവകാശം പോലെ മറുപടി പറയാനുള്ള അവകാശം തനിക്ക് തരണം. അത് ഒരു അപേക്ഷയാണ്. മൗനി ബാബയെന്നടക്കം മാദ്ധ്യമങ്ങള്‍ തന്നെ വിമര്‍ശിച്ചു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് പിണറായിയുടെ അടുത്തേക്ക് പോകാന്‍പോലും കഴിയുമായിരുന്നോ? അതുമായി തന്നെ താരതമ്യം ചെയ്യരുത്. മറുപടി പറയേണ്ട സമയം തീരുമാനിക്കേണ്ടത് താനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
'താൻ പറഞ്ഞപ്പോഴേ മോദി ഫോണെടുത്ത് റെയ്ഡ് നടത്താൻ ഇ.ഡിയോട് പറഞ്ഞു': പരിഹസിച്ച് വി.ഡി.സതീശൻ
