വി.ഡി. സതീശൻ മുഖ്യമന്ത്രി, കോണ്‍ഗ്രസിലെ തലമുറമാറ്റത്തിന് തുടക്കം

വി.ഡി. സതീശൻ മുഖ്യമന്ത്രി,  കോണ്‍ഗ്രസിലെ തലമുറമാറ്റത്തിന് തുടക്കം


ന്യൂഡൽഹി:  കേരള രാഷ്ട്രീയത്തിൽ ചരിത്രപ്രധാനമായ നീക്കമായി, കോൺഗ്രസ് നേതാവും നിലവിലെ പ്രതിപക്ഷ മുഖങ്ങളിലൊരാളുമായ വി.ഡി. സതീശനെ
സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു.
കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് ഇക്കാര്യം ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ചയുണ്ടാവുമെന്നാണു സൂചന. തീരുമാനം കെ.സി. വേണുഗോപാലിനെ രാഹുൽ ഗാന്ധി അറിയിച്ചതായാണ് വിവരം.

 ദീർഘകാല നിയമസഭാ പ്രവർത്തന പരിചയവും ശക്തമായ സഭാപ്രസംഗങ്ങളുമാണ് സതീശനെ അധികാരത്തിന്റെ ഉന്നതപദവിയിലേക്ക് എത്തിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

എറണാകുളം ജില്ലയിലെ നെട്ടൂരിൽ വടശ്ശേരി ദാമോദര മേനോന്റെയും വി. വിലാസിനിയമ്മയുടെയും മകനായി 1964 മെയ് 31നാണ് വി.ഡി. സതീശൻ ജനിച്ചത്. നെട്ടൂർ എസ് വി.യു.പി സ്‌കൂളിലും പനങ്ങാട് ഹൈസ്‌കൂളിലുമായിരുന്നു പ്രാഥമികഹൈസ്‌കൂൾ വിദ്യാഭ്യാസം. പിന്നീട് നിയമബിരുദം നേടി അഭിഭാഷകനായും പ്രവർത്തിച്ചു.

വിദ്യാർഥി രാഷ്ട്രീയത്തിലൂടെയായിരുന്നു പൊതുപ്രവർത്തനരംഗത്തേക്കുള്ള പ്രവേശനം. തേവര സേക്രഡ് ഹാർട്ട് കോളേജിലെ ആർട്‌സ് ക്ലബ് സെക്രട്ടറിയായിരുന്ന അദ്ദേഹം, മഹാത്മാ ഗാന്ധി സർവകലാശാല യൂണിയൻ ചെയർമാനായും പ്രവർത്തിച്ചു. എൻ.എസ്.യു.ഐ ദേശീയ കമ്മിറ്റി സെക്രട്ടറിയായും അദ്ദേഹം ശ്രദ്ധേയനായി.

1996ൽ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ 2001ൽ പറവൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് ആദ്യമായി നിയമസഭയിലെത്തി. തുടർന്ന് 2006, 2011, 2016, 2021, 2026 തെരഞ്ഞെടുപ്പുകളിലും തുടർച്ചയായി വിജയം നേടി പറവൂരിന്റെ ജനപ്രതിനിധിയായി തുടരുകയാണ്.

സഭയിൽ ശക്തമായ വാദപ്രതിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ സതീശൻ, പ്രത്യേകിച്ച് സാമ്പത്തിക വിഷയങ്ങളിലെയും ഭരണപരമായ വിഷയങ്ങളിലെയും ഇടപെടലുകളിലൂടെ ശ്രദ്ധേയനായി. അന്യസംസ്ഥാന ലോട്ടറി വിഷയത്തിലും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനനുകൂലമായ നിലപാടുകളിലുമുള്ള പ്രതികരണങ്ങൾ അദ്ദേഹത്തെ വ്യത്യസ്തനാക്കി.

12ാം കേരള നിയമസഭയിൽ കോൺഗ്രസ് ചീഫ് വിപ്പായും പ്രവർത്തിച്ച അദ്ദേഹം പിന്നീട് എ.ഐ.സി.സി സെക്രട്ടറിയായും കെ.പി.സി.സി വൈസ് പ്രസിഡന്റായും നിയമിതനായി. 2021 മേയ് 22ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അദ്ദേഹത്തെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു. തുടർന്ന് നിയമസഭയിലെ ശക്തമായ പ്രതിപക്ഷ ശബ്ദമായി അദ്ദേഹം മാറി.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് പിന്നാലെ യു.ഡി.എഫ് ക്യാമ്പുകളിൽ ആവേശം നിറഞ്ഞ ആഘോഷങ്ങളാണ് അരങ്ങേറിയത്. 'പുതിയ തലമുറയുടെ നേതൃത്വമാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്' എന്നായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതികരണം.

സമാധാനപരവും പഠനോത്സുകവുമായ രാഷ്ട്രീയ ശൈലി പിന്തുടരുന്ന നേതാവെന്ന പ്രതിച്ഛായയാണ് വി.ഡി. സതീശൻ സംസ്ഥാന രാഷ്ട്രീയത്തിൽ നേടിയെടുത്തിരിക്കുന്നത്. ഭരണപരമായ കാര്യക്ഷമതയും ജനകീയ സമീപനവും ഒരുമിച്ചുള്ള ഭരണമാണ് അദ്ദേഹത്തിൽനിന്ന് പ്രതീക്ഷിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.