കോഴിക്കോട്- വയനാട് നാലുവരി തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി

കോഴിക്കോട്- വയനാട് നാലുവരി തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി


കല്‍പ്പറ്റ: ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ലിന്റോ ജോസഫ് എം എല്‍ എ അറിയിച്ചു. 2134 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ജൂലൈ മാസത്തില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കുമെന്നും എം എല്‍ എ വ്യക്തമാക്കി.


പോസ്റ്റിന്റെ പൂര്‍ണരൂപം:


ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത. കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി പുറത്തിറങ്ങി. കോഴിക്കോട്- വയനാട് നിര്‍ദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥികാനുമതി ലഭിച്ചു. മെയ് 14, 15 തിയ്യതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തില്‍ ആനക്കാംപൊയില്‍ കള്ളാടി- മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ച് കൊണ്ട് നടപ്പിലാക്കാന്‍ വിദഗ്ദ സമിതി ശുപാര്‍ശ ചെയ്തിരുന്നു.

നേരത്തെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്ധസമിതി മാര്‍ച്ചില്‍ പദ്ധതിയ്ക്ക് അനുമതി നല്‍കിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥിതിയാഘാത വിലയിരുത്തല്‍ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് കേന്ദ്ര വിദഗ്ധസമിതിയുടെ പരിഗണനയ്ക്കു വിട്ടത്. വിവിധ ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥികാനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ കരാര്‍ ഒപ്പിട്ട് തുരങ്ക പാതയുടെ പ്രവൃത്തി ആരംഭിക്കാനാവും.

പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കണ്‍ റെയില്‍വേ എന്നിവയുടെ തൃകക്ഷി കരാറിലാണ് തുരങ്കപാത നിര്‍മാണം നടക്കുക.ഭോപ്പാല്‍ ആസ്ഥാനമാക്കിയ ദിലിപ് ബില്‍ഡ്കോണ്‍, കൊല്‍ക്കത്ത അസ്ഥാനമാക്കിയ റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികളാണ് കരാര്‍ ഏറ്റെടുത്തത്. 2134 കോടി രൂപയാണ് പദ്ധതി ചെലവ്. ടെണ്ടര്‍ നടപടികള്‍ നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. പ്രവൃത്തി ഉദ്ഘാടനം ജൂലൈ മാസത്തില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും.