തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് തരംഗം. ഇടതുമുന്നണിയുടെ കോട്ടകള്‍ പോലും യു ഡി എഫ് സ്വന്തമാക്കി. എല്‍ ഡി എഫിനെ പരാജയപ്പെടുത്തി തിരുവനന്തപുരം കോര്‍പറേഷന്‍ എന്‍ ഡി എ നേടി.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. ശബരിമല വിഷയം ബി ജെ പിയേക്കാള്‍ യു ഡി എഫിനാണ് ഗുണം ചെയ്തത്.
സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ നാലും യു ഡി എഫ് നേടി. 54 നഗരസഭകള്‍, 78 ബ്ലോക്ക് പഞ്ചായത്തുകള്‍, 504 ഗ്രാമപഞ്ചായത്തുകള്‍ തുടങ്ങിയവ യു ഡി എഫ് സ്വന്തമാക്കിയപ്പോള്‍ എന്‍ ഡി എ ഒരു കോര്‍പറേഷനും 2 നഗരസഭകളും 26 പഞ്ചായത്തുകളും നേടി.
അഞ്ച് കോര്‍പ്പറേഷനുകള്‍ ഭരിച്ച എല്‍ ഡി എഫിന് കോഴിക്കോട് മാത്രമാണ് നേടാനായത്. 2020ല്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മാത്രമായിരുന്നു യു ഡി എഫ് ഭരണമെങ്കില്‍ ഇപ്രാവശ്യം കൊച്ചി, തൃശ്ശൂര്‍, കൊല്ലം കോര്‍പ്പറേഷനുകള്‍ കൂടി സ്വ്ന്തമാക്കി. കോഴിക്കോട്ടും തിരുവനന്തപുരത്തും യു ഡി എഫ് നില മെച്ചപ്പെടുത്തി.
മുനിസിപ്പാലിറ്റിയില്‍ 28 എണ്ണം മാത്രമാണ് എല്‍ ഡി എഫിന് നേടായത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ 78 എണ്ണം യു ഡി എഫ് നേടിയപ്പോള്‍ 67 എണ്ണം ഇടതുമുന്നണി നേടി. ഗ്രാമപഞ്ചായത്തുകളില്‍ 504 എണ്ണം യു ഡി എഫ് നേടിയപ്പോള്‍ 342 എണ്ണം എല്‍ ഡി എഫ് നേടി. 26 എണ്ണം എന്‍ ഡി എയ്ക്കാണ്.
