കാപ്പാക്കേസില്‍ ബിജെപി അംഗത്തിന് സത്യപ്രതിജ്ഞ ചെയ്യാനായില്ല; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസ നീക്കവുമായി യുഡിഎഫ്

കാപ്പാക്കേസില്‍ ബിജെപി അംഗത്തിന് സത്യപ്രതിജ്ഞ ചെയ്യാനായില്ല; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസ നീക്കവുമായി യുഡിഎഫ്


തിരുവനന്തപുരം: കാപ്പാക്കേസില്‍ ബിജെപി അംഗം ജയിലിലായതിനു പിന്നാലെ കോര്‍പ്പറേഷനില്‍ അവിശ്വാസ നീക്കവുമായി യുഡിഎഫ്.
സത്യപ്രതിജ്ഞാ വിവാദങ്ങള്‍ക്കിടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയം കൊണ്ടു വരാനാണ് യുഡിഎഫ് നീക്കം.  തുർനീക്കങ്ങൾ തീരുമാനിക്കാൻ ഇന്ന് യുഡിഎഫ് കൗൺസിലർമാർ യോഗം ചേരും. യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ പിന്തുണയ്ക്കണമോ എന്നതിൽ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം കാത്തിരിക്കുകയാണ് എൽഡിഎഫ്.

നഗരസഭയുടെ ഭരണ സ്തംഭനത്തിനെതിരെ ജൂൺ 29ന് രാവിലെ നഗരസഭ കവാടത്തിന് മുന്നിൽ യുഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും. നഗരസഭ ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന് യുഡിഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. ഇതിന്റെ തുടർനടപടികൾ ജൂൺ 29 ലെ സമരത്തിന് ശേഷം തീരുമാനിക്കുമെന്ന് ന​ഗരസഭ പാർലിമെന്ററി പാർട്ടി നേതാവ് അഡ്വ കെ.എസ് ശബരീനാഥൻ അറിയിച്ചു.

101 അംഗ കോര്‍പറേഷനില്‍ ബിജെപിക്ക് 50 സീറ്റാണുള്ളത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി ഭരണം നടത്തുന്നത്. എല്‍ഡിഎഫിന് 29 സീറ്റും യുഡിഎഫിന് 20 സീറ്റുമാണ് നഗരസഭയിലുള്ളത്. ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന്‍ കാപ്പ കേസില്‍ ജയിലിലാണ്. ഹൈക്കോടതി സത്യപ്രതിജ്ഞ റദ്ദാക്കിയതോടെ സു​ഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനായിട്ടില്ല. ഈ സാഹചര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും യുഡിഎഫ് വിമതനും ഒത്തുചേര്‍ന്നാൽ ഭരണപക്ഷത്തിനെതിരെ 50 പേരാകും.

പ്രതിപക്ഷം അവിശ്വാസം അവതരിപ്പിച്ചാല്‍ അതു നേരിടുമെന്ന് ബിജെപി നേതാവും മേയറുമായ വി വി രാജേഷ് പ്രതികരിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അഞ്ചു വര്‍ഷത്തേക്ക് ബിജെപി സേഫ് ആണെന്നും മേയര്‍ പറഞ്ഞു. ഈ മാസം 29 ന് കൗണ്‍സില്‍ യോഗം നടക്കും. ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും മേയര്‍ പറഞ്ഞു.