മലപ്പുറം: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കാൻ മുസ്ലിം ലീഗ് തീരുമാനിച്ചു. ബുധനാഴ്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേർന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷമാണ് നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ കാലതാമസം ഭരണപരമായ തടസ്സങ്ങൾ ഉണ്ടാക്കുന്നില്ലെന്നും ജനാധിപത്യ പ്രക്രിയയിൽ ഇത്തരം കൂടിയാലോചനകൾ സ്വാഭാവികമാണെന്നും യോഗത്തിനുശേഷം പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡിന്റെ പ്രഖ്യാപനം വന്നതിനുശേഷം എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് തീരുമാനിക്കാൻ യോഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതിനിടെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് യുഡിഎഫ് ഘടക കക്ഷികളായ ആർഎസ്പി ഷിബുബേബിജോൺ വിഭാഗവും പ്രേമചന്ദ്രൻ വിഭാഗവും രംഗത്തെത്തി. തീരുമാനത്തിൽ ഘടകകക്ഷികൾ ഇടപെടേണ്ടതില്ല എന്ന് മുൻ യുഡിഎഫ് കൺവീനർ എംഎം ഹസനോട് പറയാൻ പറ്റിയ വാക്കുകൾ അറിയാമെന്നും മുന്നണി മര്യാദ പാലിച്ച് തൽക്കാലം അത് പറയുന്നില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു. യുഡുഎഫിന് ഭൂരിപക്ഷം കിട്ടാൻ വെള്ളം കോരുകയും വിറക് വെട്ടുകയും ചെയ്തവരുടെ കൂടെ തങ്ങളും ഉണ്ടായിരുന്നു എന്നത് ആരും മറക്കേരുതെന്നും ഷിബു ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രി തീരുമാനം ഇനിയും വൈകിപ്പിക്കുന്നത് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നതിന് തുല്യമാണെന്നും ന്യായീകരണമില്ലാത്ത നടപടിയാണെന്നും എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
മുഖ്യമന്ത്രി ആര് ? കോൺഗ്രസിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കാമെന്ന് മുസ്ലിം ലീഗ്
