തിരുവനന്തപുരം: സ്കൂള്‍ വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധി നൽകുമെന്നും സ്വകാര്യ മേഖലയിൽ പ്രസവ അവധി ആറ് മാസം നിർബന്ധമാക്കുമെന്നും ഗവർണർ നിയമസഭയിൽ നടത്തിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ക്ഷേമ പെൻഷൻ 3000 രൂപയാക്കും തുടങ്ങിയ യു.ഡി.എഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികൾ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു.
സാമ്പത്തിക മേഖല കടുത്ത വെല്ലുവിളി നേരിടുകയാണ്. സാമ്പത്തിക സ്ഥിതി വ്യക്തമാക്കാൻ ധവളപത്രം പുറപ്പെടുവിക്കും. മാനുഷികതയിലൂന്നിയ സമീപനമാകും സർക്കാരിനുണ്ടാകുകയെന്നും നയപ്രഖ്യാപനത്തിൽ ഗവർണർ പറഞ്ഞു. ലഹരിമാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനായി ഓപ്പറേഷൻ തൂഫാൻ നടപ്പാക്കും. ഐ.ടി വകുപ്പ് ഐ.ടി ഫ്യൂച്ചർ ടെക്നോളജി ആന്റ് സ്റ്റാർട്ടപ്പ് എന്നാക്കി മാറ്റും. കർഷിക മേഖലയുടെ സമഗ്ര വികസനം നടപ്പാക്കും. ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ ആസ്ഥാനങ്ങളാക്കും. എല്ലാ ജില്ലകളിലും ആവശ്യത്തിന് പ്ലസ് വൺ സീറ്റ് അനുവദിക്കുമെന്നും ഗവർണറുടെ പ്രസംഗത്തിൽ വ്യക്തമാക്കി.
പ്രധാന പ്രഖ്യാപനങ്ങൾ :
ഭൂമി പ്രശ്നം പരിഹരിക്കാൻ കമ്മീഷനെ നിയോഗിക്കും
റവന്യൂ വകുപ്പ് പൂർണമായും ഡിജിറ്റലാക്കും
ഭൂ നിയമങ്ങൾ പരിഷ്കരിക്കും
തദ്ദേശ തലത്തിൽ വയോമിത്രം പദ്ധതി
ഡിമൻഷ്യ ഡേ കെയറികൾ സ്ഥാപിക്കും
ഐടി മിഷനെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷനാക്കും
കോളജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ വീതം നൽകും
ആരോഗ്യ മേഖലയെ പിടിച്ചുയർത്തും. ആധുനിക സംവിധാനം ഉറപ്പാക്കും.
സഹകരണമേഖലയിലെ തട്ടിപ്പുകളെ കർശനമായി നേരിടും
ജീവിത ചെലവ് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കും
കേരള ചരിത്രത്തിനായി ഡിജിറ്റൽ ആർക്കൈവ്സ് സ്ഥാപിക്കും
വനിതാ കർഷകരെ ശാക്തീകരിക്കാൻ 'വുമൺ ഫാർമേഴ്‌സ് കൺസോർഷ്യം' രൂപീകരിക്കും
യുവ സംരംഭകർക്കായി 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ
മലബാർ ടെംപിൾ പിൽഗ്രിം പ്രോജക്ട് നടപ്പാക്കും
സീറോ ടോളറൻസ് ടു ഡ്രഗ്സ്. എക്സൈസ് വകുപ്പിൽ സമഗ്ര പരിഷ്കാരം
സർവകലാശാലകളിൽ അക്കാദമിക് സിൻഡിക്കേറ്റിനു രൂപം നൽകും
വിലക്കയറ്റം നിയന്ത്രിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാനും കർശന നടപടി
മാവേലി സ്റ്റോറുകളുടേയും റേഷൻ കടകളുടേയും എണ്ണം വർധിപ്പിക്കും
തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനായി 'മിഷൻ സമുദ്ര' പദ്ധതി
കടലിൽ വെച്ച് അപകടത്തിൽപ്പെടുന്നവർക്ക് പ്രത്യേക സഹായ പദ്ധതികൾ ഉറപ്പാക്കും
സ്കൂൾ വിദ്യാർത്ഥികൾക്ക് 3 ദിവസത്തെ ആർത്തവ അവധി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര; നയപ്രഖ്യാപനത്തിൽ പ്രഖ്യാപനങ്ങളേറെ
