തിരുവനന്തപുരം: വി.ഡി.സതീശൻ മന്ത്രിസഭയിലെ അംഗങ്ങളുടെ പട്ടിക ഇന്ന് വൈകിട്ടോടെ ഗവർണർക്ക് കൈമാറും. എട്ടോളം കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായി. ബാക്കിയുള്ള പേരുകളിൽ ഇന്ന് ഉച്ചയോടെ തീരുമാനമെടുത്ത് ഹൈക്കമാൻഡിന് കൈമാറും. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരെന്ന കാര്യത്തിൽ ഏകദേശ ധാരണയായെന്നാണ് സൂചന. എന്നാൽ രണ്ട് മന്ത്രിസ്ഥാനമില്ലെങ്കിൽ തങ്ങളാരും ഉണ്ടാവില്ലെന്ന നിലപാട് കേരള കോൺഗ്രസ് കടുപ്പിച്ചതോടെ അനുനയ നീക്കങ്ങൾ തുടരുകയാണ്.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, കെ.മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി.അനിൽ കുമാർ, പി.സി.വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം.ലിജു, ചാണ്ടി ഉമ്മൻ എന്നിവരുടെ പേരുകൾ ഉറപ്പിച്ചു. റോജി.എം.ജോൺ, ഷാനിമോൾ ഉസ്മാൻ, അൻവർ സാദത്ത്, വി.ടി.ബൽറാം, ഐ.സി.ബാലകൃഷ്ണൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. സ്പീക്കർ സ്ഥാനത്തേക്ക് എൻ.ശക്തനെ പരിഗണിക്കുന്നതായാണ് സൂചന.
ആഭ്യന്തരവും വിജിലൻസും രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ ധാരണയായിട്ടുണ്ട്. ധനകാര്യവും തുറമുഖവും മുഖ്യമന്ത്രിക്ക് തന്നെയാകും. കെ.മുരളീധരന് ആരോഗ്യവും സണ്ണി ജോസഫിന് റവന്യു വകുപ്പും നൽകും. എ.പി.അനിൽകുമാറിന് ടൂറിസം, എക്സൈസ് വകുപ്പുകൾ നൽകിയേക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് പി.സി.വിഷ്ണുനാഥിന് നൽകുമെന്നാണ് അറിയുന്നത്.
ഘടകകക്ഷി മന്ത്രിമാരിൽ ഷിബു ബേബി ജോൺ, സി.പി.ജോൺ, അനൂപ് ജേക്കബ് എന്നിവരുടെ കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാൽ, രണ്ടര വർഷത്തേക്ക് അനൂപ് ജേക്കബുമായി വീതംവയ്ക്കണമെന്ന നിർദ്ദേശത്തിൽ മാണി.സി.കാപ്പൻ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.
നാളെ രാവിലെയാണ് സത്യപ്രതിജ്ഞ. ഇതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, തമിഴ്നാട്, തെലുങ്കാന, കർണാടക മുഖ്യമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് സൂചന.
മന്ത്രിപ്പട്ടിക ഇന്ന് ഗവർണർക്ക് കൈമാറും; യു.ഡി.എഫ് ഉഭയകക്ഷി ചർച്ച തുടരുന്നു
