കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പര്‍ ലോറി പാഞ്ഞുകയറി വൻ അപകടം, 3 പേർ മരിച്ചു

കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പര്‍ ലോറി പാഞ്ഞുകയറി വൻ അപകടം, 3  പേർ മരിച്ചു


കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ബസ് സ്‌റ്റോപ്പിലേക്ക് ടിപ്പര്‍ ലോറി പാഞ്ഞുകയറി വൻ അപകടം.നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. രണ്ട് മുതിർന്നവരും ഒരു കുട്ടിയുമാണ് മരിച്ചത്. രാവിലെ സ്കൂളിൽ പോകാനായി കുട്ടികൾ ബസ് കാത്തുനിൽക്കവെയാണ് നാടിനെ നടുക്കിയ ദാരുണ അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു. അപകടസമയത്ത് എട്ട് പേർ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ലോറി മറിഞ്ഞതിനെ തുടർന്ന് കുട്ടികൾ ടിപ്പറിനടിയിലും മണ്ണിലും അകപ്പെടുകയായിരുന്നു. 

 മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നീലേശ്വരം സ്വദേശി ഹരിലാൽ ആണ് മരിച്ചത്. മറ്റ് രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ രണ്ട് പേരുടെ നില ​ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. ബസ് സ്റ്റോപ്പിലുണ്ടായിരുന്നവർ മണ്ണിനടിയിൽ പെട്ടുപോയി എന്ന് ദൃക്സാക്ഷികൾ പറയുന്നു. മണ്ണ് മാറ്റിയാണ് കുട്ടികളെ പുറത്തെടുത്തത്. അഞ്ചുപേരെയാണ് ആദ്യഘട്ടത്തിൽ പുറത്തെടുത്തത്.