തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ ഭീകര സ്‌ഫോടനത്തിൽ നിരവധി ജീവനുകൾ നഷ്ടമായ സാഹചര്യത്തിൽ, ഇത്തവണ തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താനുള്ള സാധ്യത ചർച്ചയാകുന്നു. സർക്കാരിന്റെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകാമെന്ന നിലപാടിലാണ് ദേവസ്വങ്ങൾ.
ഇക്കാര്യത്തിൽ കേന്ദ്രവും സംസ്ഥാന സർക്കാരും തീരുമാനം എടുക്കട്ടെയെന്നാണ് തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാട്. പാറമേക്കാവ് ദേവസ്വവുമായി കൂടിയാലോചന നടത്തിയ ശേഷമാകും അന്തിമ തീരുമാനം. വെടിക്കെട്ട് പൂർണമായും ഒഴിവാക്കണമെന്ന നിർദേശം സർക്കാർ മുന്നോട്ടുവച്ചാൽ, ദേവസ്വങ്ങൾ സംയുക്തമായി ആലോചിച്ച് തീരുമാനമെടുക്കും. ദുരന്തത്തിൽ മരിച്ചവരുടെ സംസ്‌കാരവും ബാധിതർക്കുള്ള സഹായത്തിനും മുൻഗണന നൽകുന്നതായും അധികൃതർ അറിയിച്ചു.
സ്‌ഫോടനത്തിൽ മരിച്ചവരിൽ ഒമ്പത് പേരെ തിരിച്ചറിഞ്ഞു. 13 പേർ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ പത്തു പേർ തീവ്രപരിചരണ വിഭാഗത്തിലും രണ്ടുപേർ വെന്റിലേറ്ററിലുമാണ്. അഞ്ച് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി.
ഇതിനിടെ തിരിച്ചറിയാനാകാത്ത ശരീരഭാഗങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഇതിനായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിലെ വിദഗ്ധർ സാമ്പിളുകൾ ശേഖരിക്കും. വിവിധ മെഡിക്കൽ കോളജുകളിൽനിന്നുള്ള ഡോക്ടർമാരും തൃശൂർ മെഡിക്കൽ കോളേജിൽ എത്തി ചികിത്സാ പ്രവർത്തനങ്ങളിൽ പങ്കെടുക്കും.
മുണ്ടത്തിക്കോട് സ്‌ഫോടനം: തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താൻ ചർച്ചകൾ പുരോഗമിക്കുന്നു
