മുണ്ടത്തിക്കോട് സ്‌ഫോടനം: ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ സഹായം

മുണ്ടത്തിക്കോട് സ്‌ഫോടനം: ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ സഹായം


തിരുവനന്തപുരം/തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിൽ ഉണ്ടായ ഭീകര സ്‌ഫോടനത്തെ തുടർന്ന് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈനായിചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ അധ്യക്ഷനായ ഏകാംഗ ജുഡീഷ്യൽ കമ്മീഷനാണ് അന്വേഷണം നടത്തുക.

ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ആകെ 14 ലക്ഷം രൂപ ധനസഹായം നൽകും. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപയും ഇതിൽ ഉൾപ്പെടും.

പരിക്കേറ്റവർക്ക് ദുരന്ത പ്രതികരണ നിധി പ്രകാരമുള്ള സഹായത്തിനൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ അടിയന്തരമായി അനുവദിക്കും. കൂടാതെ, പരുക്കേറ്റവരുടെ ചികിത്സാചെലവ് ആറുമാസത്തേക്ക് സർക്കാർ ഏറ്റെടുക്കും. സർക്കാർ, സ്വകാര്യ ആശുപത്രികളിലുളള ചികിത്സയ്ക്ക് ആവശ്യമായ തുക ജില്ലാ കളക്ടറുടെ ശുപാർശ പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.

ഇതോടൊപ്പം, സ്‌ഫോടനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് മന്ത്രിസഭ നിർദേശം നൽകി.