തിരുവനന്തപുരം: കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാര്‍ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ നടത്തിയതില്‍ ചട്ടലംഘനം നടന്നുവെന്നാരോപിച്ച് സിപിഎം രംഗത്തെത്തി. ഇതിനെ തുടര്‍ന്ന് നാളെ നടക്കുന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയേക്കാവുന്ന വോട്ടുകളുടെ നിയമസാധുത ചോദ്യം ചെയ്താണ് സിപിഎം ജില്ലാ കലക്ടര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി നല്‍കിയിരിക്കുന്നത്. ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്ത 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്ന ആവശ്യവുമാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ നടത്തിയത് മുനിസിപ്പല്‍ നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിയും എസ്.പി. ദീപക്കുമാണ് പരാതി നല്‍കിയത്. ഇതുസംബന്ധിച്ച് നാളെ കോടതിയെയും സമീപിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. സത്യപ്രതിജ്ഞ അസാധുവാക്കിയാല്‍ നാളെ നടക്കുന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ ഈ കൗണ്‍സിലര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയുമോയെന്ന നിയമപ്രശ്‌നവും ഉയര്‍ന്നിട്ടുണ്ട്.
മുനിസിപ്പല്‍ നിയമപ്രകാരം നിശ്ചിത ദിവസത്തിനുള്ളില്‍ നിയമവിധേയമായി സത്യപ്രതിജ്ഞ ചെയ്ത അംഗങ്ങള്‍ക്കു മാത്രമേ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വോട്ട് രേഖപ്പെടുത്താനും അവകാശമുള്ളൂ. മുനിസിപ്പല്‍ നിയമത്തിന്റെ മൂന്നാം ഷെഡ്യൂളില്‍ 'ദൈവനാമത്തില്‍' സത്യപ്രതിജ്ഞ ചെയ്യണമെന്നാണു വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ദൈവനാമത്തില്‍ എന്നതിന് പകരം വിവിധ ദൈവങ്ങളുടെ പേരുകള്‍ ചൊല്ലിയാണ് സത്യപ്രതിജ്ഞ നടത്തിയതെന്നാണ് സിപിഎം ആരോപിക്കുന്നത്.
നിയമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാത്ത അംഗങ്ങള്‍ക്ക് നാളെ നടക്കുന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള യോഗ്യതയുണ്ടോയെന്നത് ഗൗരവമേറിയ നിയമപ്രശ്‌നമാണെന്ന് വി. ജോയി എംഎല്‍എ പറഞ്ഞു. 20 കൗണ്‍സിലര്‍മാരാണ് ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ നടത്തിയതെന്നും, ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിരവധി വിധികള്‍ നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സത്യപ്രതിജ്ഞ നടക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന ജില്ലാ കലക്ടര്‍ തന്നെ ഈ പിശക് തിരുത്തേണ്ടതായിരുന്നുവെന്നും, പരാതി ഉയര്‍ന്ന ഉടന്‍ വീണ്ടും സത്യപ്രതിജ്ഞ നടത്താനുള്ള അവസരം ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയ്യപ്പന്‍, ശ്രീപത്മനാഭസ്വാമി, ഗുരുദേവന്‍ തുടങ്ങിയവരുടെ പേരിലാണ് പല ബിജെപി കൗണ്‍സിലര്‍മാരും സത്യപ്രതിജ്ഞ ചെയ്തത്. ആര്‍. സുഗതന്‍, കരമന അജിത്, ആര്‍.സി. ബീന, പി. സരിത, ദീപ എസ്. നായര്‍ എന്നിവര്‍ ശ്രീപത്മനാഭസ്വാമിയുടെ നാമത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്. വലിയവിള കൗണ്‍സിലര്‍ വി.ജി. ഗിരികുമാര്‍ 'ബലിദാനികള്‍ അമരന്മാര്‍' എന്നു പറഞ്ഞാണ് സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. കുന്നുകുഴി കൗണ്‍സിലര്‍ എ. മേരി പുഷ്പയും കരുമം കൗണ്‍സിലര്‍ ജി.എസ്. ആശാനാഥും 'സ്വാമിയേ ശരണമയ്യപ്പാ' എന്നു ചൊല്ലിയാണ് പ്രതിജ്ഞ പൂര്‍ത്തിയാക്കിയത്.
ഗുരുദേവന്‍, ശ്രീകണ്‌ഠേശ്വരം മഹാദേവന്‍, ഇരുംകുളങ്ങര ദുര്‍ഗാഭഗവതി, ഉദിയന്നൂര്‍ ദേവി തുടങ്ങിയ ദേവപ്രതിഷ്ഠകളുടെ പേരിലും സത്യപ്രതിജ്ഞ നടന്നു. ബീമാപള്ളി കൗണ്‍സിലര്‍ ഇ. സജീന ബീവി അല്ലാഹുവിന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ചെല്ലമംഗലം കൗണ്‍സിലര്‍ ആര്‍. അരുണ്‍ രക്തസാക്ഷികള്‍ക്ക് സിന്ദാബാദ് അര്‍പ്പിച്ചാണ് പ്രതിജ്ഞ അവസാനിപ്പിച്ചത്.
ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ നടത്തിയതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. 'ദൈവനാമത്തില്‍' എന്നതൊഴിച്ചാല്‍ ദൈവങ്ങളുടെയോ മറ്റ് പേരുകളുടെയോ പരാമര്‍ശം സത്യവാചകത്തില്‍ അനുവദനീയമല്ലെന്നും, അത്തരത്തില്‍ നടത്തിയ സത്യപ്രതിജ്ഞ നിയമവിരുദ്ധമാണെന്നുമാണ് പരാതിയിലെ പ്രധാന വാദം. സത്യവാചകത്തില്‍ ഉള്‍പ്പെടാത്ത പേരുകള്‍ ചേര്‍ത്തുള്ള സത്യപ്രതിജ്ഞ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
കോടതിയെ സമീപിക്കുന്ന പക്ഷം കൗണ്‍സിലര്‍മാര്‍ക്ക് വീണ്ടും നിയമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാന്‍ ഉത്തരവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും നിയമവിദഗ്ധര്‍ പറയുന്നു. സത്യപ്രതിജ്ഞയില്‍ ചട്ടലംഘനം ഉണ്ടായോയെന്ന കാര്യം പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് കോടതിയാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അധികൃതര്‍ വ്യക്തമാക്കി.
2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂര്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ജെഎസ്എസ് നേതാവ് ഉമേഷ് ചള്ളിയില്‍ ഗുരുദേവന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത് 2003ല്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് സത്യപ്രതിജ്ഞ അസാധുവാണെന്ന് വിധിക്കുകയും, വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനും സഭയില്‍ ഇരുന്ന ദിവസങ്ങള്‍ക്കു പിഴ അടയ്ക്കാനും ഉത്തരവിടുകയും ചെയ്തു. ഈ വിധി സുപ്രീം കോടതി ശരിവച്ചിരുന്നു.
ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ: ബിജെപി കൗണ്‍സിലര്‍മാരുടെ വോട്ടവകാശം ചോദ്യം ചെയ്ത് സിപിഎം
