തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞയാളിന്റെ കാൽ പുഴുവരിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞയാളിന്റെ കാൽ പുഴുവരിച്ച നിലയിൽ


തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയുടെ സര്‍ജറി ചെയ്ത കാലില്‍ പുഴുവരിച്ച നിലയില്‍. പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനാണ് ആശുപത്രി അധികൃതരുടെ ഗുരുതരമായ അനാസ്ഥ മൂലം ഈ ദുരനുഭവം ഉണ്ടായത്. മെഡിക്കല്‍ കോളജില്‍ കടുത്ത ചികിത്സാപ്പിഴവാണ് സംഭവിച്ചിരിക്കുന്നതെന്ന് ആരോപിച്ച രോഗിയുടെ ബന്ധുക്കള്‍ ആശുപത്രിയിൽ ബഹളമുണ്ടാക്കി. 

കഴിഞ്ഞ മാസം 28നുണ്ടായ ഒരു ബൈക്ക് അപകടത്തിലാണ് രാജേന്ദ്രപ്രസാദിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും പരിക്കേറ്റ കാലില്‍ ശസ്ത്രക്രിയ നടത്തി കമ്പിയിടുകയും ചെയ്തു. സര്‍ജറിക്ക് ശേഷം കഴിഞ്ഞ അഞ്ച് ദിവസമായി ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് അഞ്ച് ദിവസത്തിന് ശേഷം ഐ.സി.യുവിൽ നിന്ന് രാജേന്ദ്രപ്രസാദിനെ ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് രോഗിയുടെ സര്‍ജറി ചെയ്ത കാലില്‍ പുഴുക്കള്‍ അരിക്കുന്ന നിലയിൽ കണ്ടെത്തിയത്. 

രോഗിയുടെ അവസ്ഥ കണ്ട് പ്രകോപിതരായ ബന്ധുക്കള്‍ ആശുപത്രിയില്‍ വലിയ രീതിയില്‍ ബഹളം വെക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ബന്ധുക്കളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ രോഗിയെ അടിയന്തരമായി വീണ്ടും ഐസിയുവിലേക്ക് തന്നെ മാറ്റിയിരിക്കുകയാണ്.