സേവന നിലവാരത്തില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‌ ആഗോള തലത്തില്‍ വീണ്ടും അംഗീകാരം

സേവന നിലവാരത്തില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‌  ആഗോള തലത്തില്‍ വീണ്ടും അംഗീകാരം


തിരുവനന്തപുരം : യാത്രക്കാരെ പരിഗണിക്കുന്ന സേവന നിലവാരത്തില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ആഗോള തലത്തില്‍ വീണ്ടും ശ്രദ്ധേയമായി. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങള്‍ നടപ്പാക്കിയതിന്റെ അംഗീകാരമായി, എയര്‍പോര്‍ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (ACI) നല്‍കുന്ന കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് അക്രഡിറ്റേഷന്‍ - ലെവല്‍ 3 അംഗീകാരം വിമാനത്താവളത്തിന് ലഭിച്ചു.

2024 ജൂലൈ മുതല്‍ ലെവല്‍ 2 നിലവാരത്തിലായിരുന്ന തിരുവനന്തപുരം വിമാനത്താവളം, പുതിയ നേട്ടത്തോടെ ലോകത്തെ തിരഞ്ഞെടുത്ത വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടം നേടി. യാത്രക്കാരുടെ സൗകര്യവും സംതൃപ്തിയും ക്രമബദ്ധമായി വിലയിരുത്തിയും മെച്ചപ്പെടുത്തിയും കൊണ്ടുപോകുന്ന സംവിധാനങ്ങളാണ് ലെവല്‍ 3 അംഗീകാരം സൂചിപ്പിക്കുന്നത്.

യാത്രക്കാരുടെ യാത്രാനുഭവം പ്രവേശനം മുതല്‍ ബോര്‍ഡിംഗ് വരെയും അതിന് ശേഷവും എങ്ങനെ സുഗമമാക്കാമെന്നത് ശാസ്ത്രീയമായി വിലയിരുത്തുന്ന ആഗോള പദ്ധതിയാണ് എസിഐയുടെ കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് അക്രഡിറ്റേഷന്‍. സൗകര്യങ്ങള്‍ മാത്രമല്ല, സേവനങ്ങള്‍ എങ്ങനെ ആസൂത്രണം ചെയ്യുന്നു, എങ്ങനെ നടപ്പാക്കുന്നു, എങ്ങനെ വിലയിരുത്തുന്നു എന്നതുമാണ് ഇതില്‍ പരിശോധിക്കുന്നത്.

ലെവല്‍ 3 നിലവാരം ലഭിച്ചതോടെ, യാത്രക്കാരുടെ സൗകര്യങ്ങള്‍ ഒറ്റപ്പെട്ട നടപടികളായയല്ല, മറിച്ച് വ്യക്തമായ തന്ത്രത്തിന്റെ ഭാഗമായാണ് വിമാനത്താവളം കൈകാര്യം ചെയ്യുന്നത്. യാത്രക്കാരില്‍ നിന്ന് സ്ഥിരമായി അഭിപ്രായങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്യുന്നതും, കണ്ടെത്തുന്ന പ്രശ്‌നങ്ങള്‍ക്ക് വകുപ്പുകള്‍ തമ്മില്‍ ഏകോപിച്ച് പരിഹാരം കാണുന്നതും ഇതിന്റെ ഭാഗമാണ്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യാത്രക്കാര്‍ക്ക് അനുകൂലമായ നിരവധി മാറ്റങ്ങളാണ് വിമാനത്താവളത്തില്‍ നടപ്പാക്കിയിട്ടുള്ളത്. കൂടുതല്‍ റീട്ടെയില്‍ഭക്ഷണ ഔട്ട്‌ലെറ്റുകള്‍, ബയോമെട്രിക് സംവിധാനത്തിലൂടെയുള്ള വേഗത്തിലുള്ള പ്രവേശനം നല്‍കുന്ന ഡിജി യാത്ര, അര്‍ഹരായ യാത്രക്കാര്‍ക്ക് വേഗത്തിലുള്ള ക്ലിയറന്‍സ് നല്‍കുന്ന ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ (FTI-TTP), യാത്രക്കാരുടെ ഒഴുക്ക് സുഗമമാക്കുന്ന ഇഗേറ്റുകള്‍, ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച ഓട്ടോമാറ്റിക് ക്ലീനിംഗ് റോബോട്ടുകള്‍ എന്നിവ ഇതിനുദാഹരണങ്ങളാണ്.

യാത്രക്കാരുടെ പെരുമാറ്റവും അഭിപ്രായങ്ങളും വിശദമായി പഠിച്ച ശേഷമാണ് പല മാറ്റങ്ങളും ഘട്ടംഘട്ടമായി നടപ്പാക്കിയതെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. തിരക്ക് കുറയ്ക്കാനും, ശുചിത്വവും സുരക്ഷയും ഉറപ്പാക്കാനും, മൊത്തത്തിലുള്ള യാത്രാനുഭവം മെച്ചപ്പെടുത്താനുമാണ് ഈ നടപടികള്‍ സഹായകമായത്.

പുതിയ ലെവല്‍ 3 അംഗീകാരം, യാത്രക്കാരുടെ അനുഭവം കൈകാര്യം ചെയ്യുന്നതില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അന്താരാഷ്ട്ര മികച്ച രീതികള്‍ പിന്തുടരുന്നുവെന്നതിന്റെ സ്ഥിരീകരണമാണ്. ഇതോടെ, കേരളത്തിന്റെ പ്രധാന വ്യോമഗേറ്റുകളിലൊന്നെന്ന നിലയില്‍ വിമാനത്താവളം തന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും, സുരക്ഷിതവും വേഗതയേറിയതും സുഖകരവുമായ യാത്രാനുഭവം നല്‍കാനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു.