സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വക്കിലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വക്കിലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അവയവ മാറ്റ ശസ്ത്രക്രിയയില്‍ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ എന്നിട്ട് പ്രതികരിക്കാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നാവിന് കുഴപ്പം കണ്ടപ്പോള്‍ ശസ്ത്രക്രിയ ചെയ്തെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അങ്ങനെ ചെയ്യാമോ ഇല്ലയോ എന്നത് വേറെ കാര്യം. സംഭവത്തില്‍ അന്വേഷണം നടക്കട്ടെ. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വക്കിലാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.

ക്രമസമാധാന നില സംബന്ധിച്ച് ശരിയായ ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ മരണത്തില്‍ അവരുടെ കുടുംബം തന്നെ കണ്ടിരുന്നു. അനീഷ്യയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതി സംസ്ഥാന സര്‍ക്കാറിനും കേന്ദ്രസര്‍ക്കാനും അയച്ച് നല്‍കും. അനീഷ്യക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം നടത്തിയത് ശരിയല്ല. പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ ഗവര്‍ണറെ കണ്ടത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രതികളെ സംരക്ഷിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അനീഷ്യയുടെ അമ്മ പ്രസന്ന കുറ്റപ്പെടുത്തി.

തൊഴിലിടത്തുണ്ടായ പീഡനത്തെ തുടര്‍ന്നാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യ ആത്മഹത്യ ചെയ്തതെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. ആത്മഹത്യ പ്രേരണക്ക് പ്രതിചേര്‍ത്ത ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അബ്ദുള്‍ ജലീലിനെയും എപിസി ശ്യാം കൃഷ്ണനെയും അറസ്റ്റ് ചെയ്തെങ്കിലും ജാമ്യം നല്‍കിയിരുന്നു.തനിക്ക് നേരെയുണ്ടായ മാനസിക പീഡനങ്ങളെ കുറിച്ച് 19 പേജുള്ള ആത്മഹത്യാ കുറിപ്പില്‍ അനീഷ്യ എഴുതിയിരുന്നു.