കൊച്ചി: 'ദി കേരള സ്റ്റോറി 2' എന്ന ചിത്രത്തിന്റെ റിലീസ് കേരള ഹൈക്കോടതി താത്ക്കാലികമായി സ്റ്റേ ചെയ്തു. റിലീസിന് ഒരു ദിവസം മുമ്പാണ് കോടതിയുടെ ഇടപെടലുണ്ടായത്. ട്രെയിലര്‍ പുറത്തിറങ്ങിയതു മുതല്‍ വിവാദങ്ങളില്‍പ്പെട്ട ചിത്രത്തിന്റെ റിലീസ് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഫെബ്രുവരി 27-ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ ഉള്ളടക്കം സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കാനും പൊതു സമാധാനം ഭംഗപ്പെടുത്താനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജിക്കാരുടെ വാദങ്ങള്‍ പരിഗണിച്ച കോടതി 15 ദിവസത്തേക്ക് സംസ്ഥാനത്തെ തിയേറ്ററുകളിലെ റിലീസ് തടയുന്ന ഇടക്കാല സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചു. വ്യാപക പ്രചാരണവും വിതരണ ക്രമീകരണങ്ങളും നടത്തിയിരുന്ന നിര്‍മാതാക്കള്‍ക്ക് ഇത് വലിയ തിരിച്ചടിയായിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിലുണ്ടായിരുന്ന അഡ്വാന്‍സ് ബുക്കിംഗുകള്‍ റദ്ദാക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്യേണ്ട സാഹചര്യമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അന്തിമ വിധി പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, കൂടുതല്‍ വിശദമായ പരിശോധന ആവശ്യമാണ് എന്ന നിലപാടിലാണ് കോടതി സ്റ്റേ അനുവദിച്ചതെന്ന് സൂചന. സ്റ്റേ കാലയളവിനിടെ കേസ് വിശദമായ വാദം കേള്‍ക്കാനിരിക്കുകയാണ്.
ചിത്രങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതായി ചൂണ്ടിക്കാട്ടി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനെയും കോടതി വിമര്‍ശിച്ചു. മതനിരപേക്ഷ സ്വഭാവമുള്ള കേരളത്തെ സമൂഹങ്ങളെ വിഭജിക്കുന്ന രീതിയില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ ബോര്‍ഡിന്റെ ഉത്തരവാദിത്വം എന്താണെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യര്‍ സൗഹൃദത്തോടെയും ഐക്യത്തോടെയും ജീവിക്കുന്ന സ്ഥലമാണ് കേരളം. അതിനെ വളച്ചൊടിച്ച് തെറ്റായ രീതിയില്‍ അവതരിപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കും എന്നും കോടതി നിരീക്ഷിച്ചു.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ട്രെയിലറിനെ തെറ്റായ പ്രചാരണവും വിഷമുള്ളതും എന്നാണ് വിമര്‍ശിച്ചത്.
