മന്ത്രിസഭാ യോ​ഗത്തിൽ ‌തർക്കങ്ങൾ ഉണ്ടായെന്ന് മുഖ്യമന്ത്രി; അത് ജനാധിപത്യത്തിൻ്റെ ഭാഗം; തര്‍ക്കങ്ങളുണ്ടായെങ്കിലും ഒരു തീരുമാനവും മാറ്റിവച്ചില്ല

മന്ത്രിസഭാ യോ​ഗത്തിൽ ‌തർക്കങ്ങൾ ഉണ്ടായെന്ന് മുഖ്യമന്ത്രി;  അത് ജനാധിപത്യത്തിൻ്റെ ഭാഗം; തര്‍ക്കങ്ങളുണ്ടായെങ്കിലും ഒരു തീരുമാനവും മാറ്റിവച്ചില്ല


ന്യൂഡല്‍ഹി: തൻ്റെ സര്‍ക്കാര്‍ ആറുമാസം പൂര്‍ത്തിയായ ഇന്നു നടന്ന മന്ത്രിസഭാ യോഗത്തില്‍ താനും മന്ത്രിമാരും തമ്മില്‍ തര്‍ക്കമുണ്ടായെന്നു സമ്മതിച്ച് മുഖ്യമന്ത്രി വി. ഡി. സതീശന്‍. അതേ സമയം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തീരുമാനിക്കുന്നതു സംബന്ധിച്ച ഫയലില്‍ മന്ത്രിമാര്‍ ഒപ്പിടാന്‍ വിസമ്മതിച്ചുവെന്നും അംഗങ്ങളെ മുഖ്യമന്ത്രി ഏക പക്ഷീയമായി തീരുമാനിച്ചുവെന്നുമുള്ള മാധ്യമ വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്ന് ന്യൂഡല്‍ഹിയിലെ കേരള ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തീരുമാനിക്കുന്നതിനുള്ള ഫയല്‍ ഉണ്ടാക്കുന്നത് തൻ്റെ ഓഫീസിലല്ല. ദേവസ്വം മന്ത്രിയാണ് അതു സംബന്ധിച്ച ഫയല്‍ സൃഷ്ടിക്കുന്നത്. അതു സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ താനും പങ്കെടുത്തിട്ടുണ്ട്. ഇന്ന് മന്ത്രിസഭാ യോഗത്തിനെത്തുന്നതിനു മുന്‍പ് എല്ലാ മന്ത്രിമാരും അതു സംബന്ധിച്ച ഫയലില്‍ ഒപ്പിട്ടു. ഇതു സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു കൊടുത്തു വിട്ടു എന്നൊക്കെ ഈ വാര്‍ത്ത കൊണ്ടു വന്ന മാധ്യമം എഴുതി. ഇതെല്ലാം പച്ചക്കള്ളമാണ്.

സര്‍ക്കാര്‍ തീരുമാനങ്ങളില്‍ കൂടിയാലോചനകളില്ലെന്നത് മാധ്യമങ്ങളില്‍ വരുന്നതാണ്. വൈദ്യുതിയുടെ കാര്യത്തില്‍ കെഎസ്ഇബി ആണ് ഫയല്‍ തയാറാക്കിയത്. ജിഇസി ഗ്ലോബലില്‍ നിന്ന് 456 കോടി യുടെ വൈദ്യുതി ഇടപാട് നടത്തി 250 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് പ്രതിപക്ഷനേതാവ് ആക്ഷേപമുന്നയിച്ചു. ആകെ 5 കോടി രൂപയ്ക്കു താഴെയുള്ള വൈദ്യുതിയേ ആ കമ്പനിയില്‍ നിന്നു വാങ്ങിയിട്ടുള്ളൂ. ടെണ്ടറില്ലാതെ വൈദ്യുതി വാങ്ങിയെന്നാണ് ആക്ഷേപം. വൈദ്യുതി വാങ്ങാന്‍ 6 ടെണ്ടറുകള്‍ വച്ചു. ആരും ടെണ്ടറില്‍ പങ്കെടുത്തില്ല. കാരണം അത്രയധികം വൈദ്യുതി ക്ഷാമമായിരുന്നു അക്കാലത്ത്. തമിഴ്‌നാട് യൂണിറ്റിനു 30 രൂപയ്ക്കാണ് വൈദ്യുതി വാങ്ങിയത്. സെപ്തംബറില്‍ വൈദ്യുതി ഉപയോഗം കൂടുതലുള്ള സമയത്തു മാത്രമാണ് അവരില്‍ നിന്ന് വൈദ്യുതി 11 രൂപയ്ക്കു വാങ്ങിയത്. അതു തന്നെ അവര്‍ക്ക് നേരാം വണ്ണം തരാന്‍ കഴിഞ്ഞില്ല. എന്‍ടിപിസി പോലും നമുക്ക് ആ സമയത്ത് വൈദ്യുതി തരാന്‍ തയാറായില്ല.

പ്രതിപക്ഷ നേതാവിനെ ആരോ തെറ്റിദ്ധരിപ്പിക്കുകയാണ്. പ്രതിപക്ഷ നേതാവ് ഇത്രയും അടിസ്ഥാന രഹതിമായ ആരോപണമുന്നയിച്ചിട്ട് മാധ്യമങ്ങളാരെങ്കിലും അതന്വേഷിച്ചോ. ഇന്നത്തെ കാബിനറ്റില്‍ ഒരു പാടു തര്‍ക്കങ്ങളുണ്ടായി. രണ്ടര മണിക്കൂര്‍ സമയം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച നടന്നു. ഇത് പിണറായി വിജയൻ്റെ മന്ത്രിസഭാ യോഗം അല്ല. ഉന്നത വിദ്യാഭ്യാസ ബില്‍ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയ്ക്കു വന്നു. ചില മന്ത്രിമാര്‍ തര്‍ക്കിച്ചു. താന്‍ മുന്നോട്ടു വച്ച ചില കാര്യങ്ങളെ അവര്‍ എതിര്‍ത്തു. ആ വ്യവസ്ഥയുടെ അപകടം പലരും ചൂണ്ടിക്കാട്ടി. അങ്ങനെ താന്‍ മുന്നോട്ടു വച്ച ആ വ്യവസ്ഥ ഒഴിവാക്കി. അവസാനം എല്ലാം മുഖ്യമന്ത്രിയെ ഏല്‍പ്പിച്ച് വേണ്ട കരുതലോടെ ബില്ല് തയ്യാറാക്കാന്‍ പറഞ്ഞു മന്ത്രിസഭാ യോഗം പിരിഞ്ഞു.

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാര്‍ നടത്തിവരുന്ന സമരത്തെ കുറിച്ച് അര മണിക്കൂര്‍ ചര്‍ച്ച നടത്തി. അവരുടെ ആരോഗ്യത്തെ കുറിച്ചായിരുന്നു മന്ത്രിസഭയില്‍ പ്രധാന ചര്‍ച്ച. അവര്‍ ആരോഗ്യത്തോടെ വന്നാല്‍ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. അതിന് വിദ്യാഭ്യാസ മന്ത്രിയെ ചുമതലപ്പെടുത്തി. പിഎം ശ്രീയിലൊപ്പിട്ടിട്ട് മന്ത്രിസഭാ യോഗത്തില്‍ വന്ന് മിണ്ടാതിരുന്ന മുഖ്യമന്ത്രിയായിരുന്നു പിണറായി വിജയന്‍. അവിടെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. യുഡിഎഫില്‍ അടിയെന്നാണ് പറയുന്നത്. തര്‍ക്കങ്ങളുണ്ടാകും. അതാണ് ജനാധിപത്യത്തിൻ്റെ സൗന്ദര്യം. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കങ്ങളുണ്ടായി. അത് ജനാധിപത്യത്തിൻ്റെ ഭാഗമാണ്. പക്ഷേ അവസാനം എല്ലാ കാര്യങ്ങളും ഐക കണ്‌ഠേന തീരുമാനിച്ചു. ഒരു തീരുമാനം പോലും മാറ്റി വച്ചില്ല. ടീം യുഡിഎഫ് ടീം യുഡിഎഫ് തന്നെ. 

തര്‍ക്കങ്ങളില്ലാതെ എല്ലാം അടക്കിപ്പിടിച്ചിരുന്നാല്‍ എല്ലാം കൂടി ഒരിക്കല്‍ താഴെ വീഴും. ഇത് സ്തുതി പാടക സംഘമൊന്നുമല്ല. യുഡിഎഫ് മന്ത്രിസഭയിലെടുക്കുന്ന എല്ലാ തീരുമാനങ്ങളും ഏക പക്ഷീയമായിരിക്കും. ഇന്ന് ഒരു തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് മറ്റൊരു ദിവസത്തേക്കു മാറ്റി വയ്ക്കും. ഘടകകക്ഷികള്‍ എല്ലാം തീര്‍ക്കണം എന്നു പറയുന്നത് എങ്ങനെ വിമര്‍ശനമാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

പിഎസ്‌സി പിരിച്ചു വിടണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ചോദിക്കാതെ രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്തത് ശരിയായില്ല. പക്ഷേ അതിൻ്റെ പേരില്‍ പിഎസ്‌സി ചെയ്ത തെറ്റുകള്‍ ഇല്ലാതാകാന്‍ പോകുന്നില്ല. ഇതു പോലെ കേരളത്തിലെ യുവാക്കളെ വഞ്ചിച്ച ഒരു സര്‍ക്കാരും ഒരു പിഎസ്‌സിയും കേരളത്തില്‍ ഉണ്ടായിട്ടില്ല. ഒരാളെയും വെറുതേ വിടില്ല. പിഎസ്‌സി ചെയര്‍മാന്‍ ഏത് കൊമ്പത്തെ ആളാണ്. അദ്ദേഹം ഒളിച്ചു കളിക്കുന്നതെന്തിന്. സര്‍ക്കാര്‍ നിയോഗിച്ച ഒരു അന്വേഷണ കമ്മിഷനു മുന്നില്‍ പോകില്ലെന്നു പറയാന്‍ അദ്ദേഹം ആരാണ്. മുഖ്യമന്ത്രിയെ ക്രൈം ബ്രാഞ്ച് വിളിച്ചാല്‍ അപ്പോള്‍ അവിടെ പോകും. എല്ലാ വരും നിയമത്തിന് വിധേയരാണ്.

ഇല്ലാത്ത ഒഴിവുകള്‍ക്ക് റാങ്കു പട്ടികയുണ്ടാക്കുകയാണ് പിഎസ്‌സി ഇത്രയും കാലം ചെയ്തു കൊണ്ടിരുന്നത്. അസിസ്റ്റൻ്റ് പ്രഫസര്‍ റാങ്ക് പട്ടികയില്‍ നിന്ന് ഒന്നാം റാങ്കു നേടിയ ആള്‍ക്കു പോലും നിയമനം നല്‍കാന്‍ ഒഴിവില്ല. എന്നിട്ടും പിഎസ്‌സി പരീക്ഷ നടത്തി റാങ്കു പട്ടിക പ്രസിദ്ധീകരിച്ചു. ജോലി കിട്ടും എന്നു പ്രീക്ഷിച്ചിരിക്കുന്നവരെ കുറ്റം പറയാനൊക്കുമോ. നവംബര്‍ 30ന് ആ റാങ്കു ലിസ്റ്റിൻ്റെ കാലാവധി കഴിയുകയാണ്. 10 കൊല്ലം എല്‍ഡിഎഫ് ഭരിച്ചതിൻ്റെ ബാക്കി പത്രമാണ് ഇപ്പോള്‍ നടക്കുന്ന പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാരുടെ സമരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിഎസ്‌സി അംഗങ്ങളെ നിശ്ചയിച്ചതു സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കമുണ്ടായെന്നായിരുന്നു ഇന്നത്തെ മാധ്യമ വാര്‍ത്തകള്‍. ഇതാണ് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി തള്ളിയത്. 5 പുതിയ പിഎസ്‌സി അംഗങ്ങളെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായും ഇതില്‍ 4 പേര്‍ കോണ്‍ഗ്രസില്‍ നിന്നും ഒരാള്‍ മുസ്ലീംലീഗില്‍ നിന്നുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് ക്ഷേമ പദ്ധതികള്‍ക്ക് അടിത്തറ പാകാന്‍ യുഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞു. പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി നടപ്പാക്കി, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കാന്‍ കഴിഞ്ഞു. കേരളത്തിൻ്റെ ധന സ്ഥിതി സംബന്ധിച്ച ധവള പത്രം ഭാവിയിലേക്കുള്ള സാമ്പത്തിക പുരോഗതിക്ക് വാതിലായി. പമാവധി പണം കേന്ദ്ര പദ്ധതികളില്‍ നിന്ന് കേരളത്തിന് വാങ്ങിയെടുക്കാനുള്ള ശ്രമം നടക്കുകയാണ്. മിഷന്‍ സമുദ്രയിലടക്കം കൂടുതല്‍ നിക്ഷേപങ്ങളുണ്ടാകുമെന്നും സംസ്ഥാനം വികസന രംഗത്തു കുതിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.