ശബരിമല യുവതീപ്രവേശനം എതിർത്തതിന്റെ പ്രതികാരം; സർക്കാർ തന്നെ കേസിൽ കുടുക്കിയെന്ന് മുൻ തന്ത്രി കണ്ഠരര് രാജീവര്

ശബരിമല യുവതീപ്രവേശനം എതിർത്തതിന്റെ പ്രതികാരം; സർക്കാർ തന്നെ കേസിൽ കുടുക്കിയെന്ന് മുൻ തന്ത്രി കണ്ഠരര് രാജീവര്


തിരുവനന്തപുരം: സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശബരിമല മുൻ തന്ത്രി കണ്ഠരര് രാജീവര്. ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർത്തതിന്റെ പ്രതികാരമായാണ് തനിക്കെതിരെ കേസുകൾ ചുമത്തിയതെന്ന് ജാമ്യഹർജി പരിഗണിക്കുന്നതിനിടെ രാജീവര് കോടതിയെ അറിയിച്ചു. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഈ ആരോപണങ്ങൾ വ്യക്തമാകുന്നത്.

യുവതീപ്രവേശന വിധി വന്നപ്പോൾ ആചാരലംഘനം പാടില്ലെന്ന നിലപാടിലാണ് താൻ ഉറച്ചുനിന്നതെന്നും ഇതാണ് സർക്കാരിന് തനിക്കെതിരെ വൈരാഗ്യം ഉണ്ടാകാൻ കാരണമായതെന്നും രാജീവര് കോടതിയിൽ പറഞ്ഞു. സർക്കാരിന്റെ താൽപ്പര്യപ്രകാരം സന്നിധാനത്ത് സ്ത്രീകളെ പ്രവേശിപ്പിക്കാൻ ചില മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചുവെങ്കിലും താൻ ശക്തമായി എതിർത്തു. ഇതുമൂലം പൊലീസിലും ഭരണകക്ഷിയിലും ഉള്ള ചിലർക്കു തന്നോട്  വിരോധമുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഇത്തരം വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്വർണക്കൊള്ള കേസിൽ തന്ത്രിക്കും പങ്കുണ്ടെന്ന ആരോപണം മെനഞ്ഞതെന്ന് രാജീവര് വ്യക്തമാക്കി. ശബരിമല ക്ഷേത്രം എല്ലാ ദിവസവും തുറക്കാനുള്ള നീക്കത്തെയും താൻ എതിർത്തിരുന്നു. ഇതും സർക്കാരിന്റെ അതൃപ്തിക്ക്് കാരണമായതായും അദ്ദേഹം പറഞ്ഞു.

ഉണ്ണികൃഷ്ണൻ പോറ്റിയുമായി മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ രംഗത്തെ ഉന്നതർക്കാണ് തനിക്കുണ്ടായിരുന്നതിലും കൂടുതൽ അടുത്ത ബന്ധമുണ്ടായിരുന്നതെന്നും ഇത് മറയ്ക്കുന്നതിനുവേണ്ടിയാണ് താനും പോറ്റിയും തമ്മിൽ അടുപ്പമുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിച്ചതെന്നും രാജീവര് ആരോപിച്ചു. ചിത്രങ്ങളാണ് തെളിവെങ്കിൽ പോറ്റിക്കൊപ്പം നിരവധി ഉന്നതർ ഉള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും അവരും പ്രതികളാകേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുക്കൾ ശബരിമലയിൽ ജോലി ചെയ്തിരുന്നുവെന്നും ഭാര്യാപിതാവ് കീഴ്ശാന്തിയായിരുന്നു, ഭാര്യാപിതാവിന്റെ സഹോദരൻ ഗാർഡായും ജോലി ചെയ്തിരുന്നുവെന്നും രാജീവർ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ബന്ധങ്ങൾ മൂലമാണ് പോറ്റിക്ക് ശബരിമലയിൽ പ്രവേശനം ലഭിച്ചതെന്നും എന്നാൽ ഈ വിവരങ്ങൾ എസ്‌ഐടി അന്വേഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും, മാധ്യമങ്ങളിൽ നിന്നുപോലും മറച്ചുവച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

താൻ വഴിയാണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തിയതെന്ന് സ്ഥാപിക്കാൻ വേണ്ടിയാണ് ഈ സത്യങ്ങൾ ഒളിപ്പിച്ചതെന്നും കണ്ഠരര് രാജീവര് കോടതിയിൽ വ്യക്തമാക്കി.