കവി സച്ചിദാനന്ദന്‍ അധ്യക്ഷനായ സാഹിത്യ അക്കാദമി ഭരണസമിതി കാലാവധി നീട്ടി

കവി സച്ചിദാനന്ദന്‍ അധ്യക്ഷനായ സാഹിത്യ അക്കാദമി ഭരണസമിതി കാലാവധി നീട്ടി


തിരുവനന്തപുരം: കവി കെ സച്ചിദാനന്ദന്‍ അധ്യക്ഷനായ സാഹിത്യ അക്കാദമി ഭരണ സമിതിയുടെ കാലാവധി സംസ്ഥാന സര്‍ക്കാര്‍ നീട്ടി.. മാര്‍ച്ച് 31ന് അവസാനിക്കേണ്ട ഭരണസമിതിക്ക് മെയ് 31 വരെയാണ് കാലാവധി നീട്ടിയത്. 

സംസ്ഥാനത്ത് ഭരണമാറ്റം ആവശ്യമാണെന്ന് സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെ ഭരണസമിതി പുനഃസംഘടിപ്പിക്കുന്നത് വിമര്‍ശനത്തിനു വഴിവച്ചേക്കുമെന്ന ആശങ്കയാണ് തുടരാന്‍ അനുവദിച്ചതിനു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. 

2022ലാണ് നിലവിലെ ഭരണ സമിതി ചുമതലയേറ്റത്. കേരളത്തിനു നല്ലത് ഇരുമുന്നണികളും മാറിമാറി ഭരണിക്കുന്നതാണെന്നും ഒരു കക്ഷിയുടെ ദീര്‍ഘകാല ഭരണം കൊണ്ടുണ്ടാകുന്ന അപചയത്തിന് പശ്ചിമ ബംഗാളില്‍ സംഭവിച്ചത് തന്നെ ഉദാഹരണമാണെന്നുമായിരുന്നു സച്ചിദാനന്ദന്റെ പ്രസ്താവന.

ഇതിനെ വിമര്‍ശിച്ച് ഇടത് നേതാക്കള്‍ രംഗത്തെത്തിയപ്പോള്‍ കവിയെ യു ഡി എഫ് നേതാക്കള്‍ പിന്തുണച്ചു. വിഷയത്തില്‍ പ്രതികരിച്ച മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ഉള്‍പ്പെടെ സച്ചിദാനന്ദനെ മാറ്റാത്ത വിഷയം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അശോകന്‍ ചരുവില്‍ (വൈസ് പ്രസിഡന്റ്), സി പി അബൂബക്കര്‍ (സെക്രട്ടറി), തൃശൂര്‍ ജില്ലാ കലക്ടര്‍ (ട്രഷറര്‍), കള്‍ച്ചറല്‍ ഡയറക്ടര്‍, സാംസ്‌കാരിക സെക്രട്ടറി വിജയലക്ഷ്മി, കെ പി രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ. സുനില്‍ പി ഇളയിടം, വിഎസ് ബിന്ദു, എം കെ മനോഹരന്‍ എന്നിവരാണ് ഭരണ സമിതിയിലെ മറ്റ് അംഗങ്ങള്‍.