തിരുവനന്തപുരം: കേരളത്തില്‍ ഏകദേശം 10,000 കോടി രൂപ നിക്ഷേപത്തില്‍ കപ്പല്‍നിര്‍മാണശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി. പദ്ധതി സംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്നും ഒരു മാസത്തിനകം അനുമതി നല്‍കാന്‍ കഴിയുമെന്നുമാണ് കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചത്. പദ്ധതിക്ക് ആവശ്യമായ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി യാഥാര്‍ഥ്യമായാല്‍ കപ്പല്‍ നിര്‍മാണ രംഗത്തേക്കുള്ള ടാറ്റ ഗ്രൂപ്പിന്റെ ആദ്യ ചുവടുവെപ്പായിരിക്കും ഇത്. സ്റ്റീല്‍, വാഹനനിര്‍മാണം, ഇലക്ട്രോണിക്‌സ്, ഊര്‍ജം, ഉപഭോക്തൃ ഉത്പന്നങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ സാന്നിധ്യമുള്ള ടാറ്റ ഗ്രൂപ്പിന്റെ വ്യവസായ ശൃംഖലയില്‍ കപ്പല്‍ നിര്‍മാണവും ഉള്‍പ്പെടും.
എന്നാല്‍ കപ്പല്‍നിര്‍മാണശാലയുടെ കൃത്യമായ സ്ഥലം, ഉത്പാദന ശേഷി, നിര്‍മാണം ആരംഭിക്കുന്ന സമയം തുടങ്ങിയ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളെ കേന്ദ്രീകരിച്ച് കപ്പല്‍ നിര്‍മാണ- അറ്റകുറ്റപ്പണി മേഖല വികസിപ്പിക്കാനുള്ള പദ്ധതികളാണ് കേരള സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. അദാനി ഗ്രൂപ്പ് പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ ആഴക്കടല്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബായ വിഴിഞ്ഞം തുറമുഖവും ഈ വികസനത്തിന് കൂടുതല്‍ കരുത്തേകുമെന്നാണ് വിലയിരുത്തല്‍.
രാജ്യത്തെ കപ്പല്‍ നിര്‍മാണ ശേഷി വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിപുലമായ പദ്ധതികളുടെ പശ്ചാത്തലത്തിലാണ് ടാറ്റ ഗ്രൂപ്പിന്റെ ഈ നീക്കം. കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ 2.9 ബില്യണ്‍ ഡോളറിന്റെ സമുദ്ര വികസന നിധി രൂപീകരിച്ചിരുന്നു. 2030ഓടെ ലോകത്തെ മുന്‍നിര പത്ത് കപ്പല്‍നിര്‍മാണ രാജ്യങ്ങളില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.
