ആറാംക്ലാസ് വിദ്യാർത്ഥിയെ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം: ബോയ്‌സ് ഹോം വാർഡനും പാചകക്കാരനും അറസ്റ്റിൽ

ആറാംക്ലാസ് വിദ്യാർത്ഥിയെ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം: ബോയ്‌സ് ഹോം വാർഡനും പാചകക്കാരനും അറസ്റ്റിൽ


കൊല്ലം:  പുനലൂരിൽ ആറാംക്ലാസ് വിദ്യാർത്ഥിയെ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി ശിക്ഷിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടേഴ്‌സ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി (ബോയ്‌സ് ഹോം) സ്ഥാപനത്തിലെ വാർഡൻ ടോം, പാചകക്കാരൻ ബിജു കുര്യൻ എന്നിവരാണ് പിടിയിലായത്.

പാചകക്കാരനായ ബിജു കുര്യന്റെ 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് കുട്ടിയെ ഇവർ ചേർന്ന് തലകീഴായി കെട്ടിത്തൂക്കി മർദിക്കാൻ ശ്രമിച്ചതായാണ് രക്ഷിതാക്കളുടെ പരാതി. വീട്ടിലെത്തിയ കുട്ടി അസാധാരണമായ പെരുമാറ്റം കാട്ടിയതിനെ തുടർന്ന് ചോദിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്.

കുട്ടി പണം എടുത്തിട്ടില്ലെന്ന് ആവർത്തിച്ചിട്ടും ആരോപിതർ അത് പരിഗണിക്കാതെ ക്രൂരമായി പെരുമാറിയതായി കുട്ടി പൊലീസിൽ മൊഴി നൽകി. തുടർന്ന് പൊലീസുകാർ സ്ഥലത്തെത്തി കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

സംഭവത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് രാവിലെ മുതൽ പ്രദേശവാസികൾ പ്രതിഷേധിച്ചു. ഉച്ചയോടെ ബോയ്‌സ് ഹോം ജീവനക്കാരനെ നാട്ടുകാർ തടഞ്ഞുവച്ചതായും റിപ്പോർട്ടുണ്ട്.