വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവം; കണ്ടക്ടറുടെ ലൈസൻസ് സസ്പെൻസ് ചെയ്തു

വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവം; കണ്ടക്ടറുടെ ലൈസൻസ് സസ്പെൻസ് ചെയ്തു


തൃശൂർ: വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവത്തിൽ കണ്ടക്ടർ രാമദാസിന്റെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻസ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്പെൻഷൻ. കണ്ടക്ടർക്ക് ബോധവത്കരണം നൽകാനും തീരുമാനിച്ചിട്ടുണ്ട്. വടക്കാഞ്ചേരി ജോയിന്റ് ആർ.ടി.ഒ ഓഫീസിലേക്ക് കണ്ടക്ടറെ വിളിച്ചുവരുത്തി വിശദീകരണം കേട്ടതിന് ശേഷമാണ് നടപടി. പ്രതിഷേധമുയർത്തി വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂൾ വിട്ട് വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്ന് വീട്ടിലേക്ക് പോകാൻ നിന്ന ക്ലീലിയാ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് സ്വകാര്യബസ് കണ്ടക്ടറിൽ നിന്ന് ഈ അപമാനം ഏൽക്കേണ്ടി വന്നത്. വിദ്യാർത്ഥികൾക്ക് കൺസഷൻ ആയതിനാൽ കുറച്ചുപേരെ മാത്രമേ കൊണ്ടുപോകാൻ കഴിയൂ എന്നായിരുന്നു കണ്ടക്ടറുടെ നിലപാട്. വീട്ടിലെത്താൻ വൈകുമെന്നതിനാൽ സഹായിക്കണമെന്ന് കുട്ടി കൈകൂപ്പി പറഞ്ഞിട്ടും കണ്ടക്ടർ വഴങ്ങിയില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജില്ലാ ഭരണകൂടവും പൊലീസും മോട്ടോർ വാഹന വകുപ്പും ഇടപെട്ടു. ബസ് കണ്ടക്ടറെ വിളിച്ചുവരുത്തി ലൈസൻസ് പിടിച്ചുവെച്ചു.

വടക്കാഞ്ചേരി പോലീസും ബസ്റ്റാൻഡുകളിൽ പരിശോധന കർശനമാക്കി. ബസ്സുകാർക്കും ഉടമകൾക്കും താക്കീതു നൽകി. പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തി. സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിച്ചതിന് പിന്നാലെ വിദ്യാർത്ഥി കൺസഷൻ ഉൾപ്പെടെയുള്ളവ പുനഃപരിശോധിക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ യോഗം ചേർന്ന് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് വിദ്യാർത്ഥികളെ കയറ്റാതെ മാറ്റി നിർത്തിയത്.