കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് പ്രത്യേക കാര്‍ഗോ വിമാനം പറക്കും

കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് പ്രത്യേക കാര്‍ഗോ വിമാനം പറക്കും


കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ആറാം തിയ്യതി അബുദാബിയിലെ നാഷണല്‍ എയര്‍ലൈന്‍സ് നടത്തുന്ന പ്രത്യേക കാര്‍ഗോ വിമാന സര്‍വീസിന് സൗകര്യം ഒരുക്കുന്നു. ബോയിംഗ് 747 കാര്‍ഗോ വിമാനമാണ് ഈ സര്‍വീസിന് ഉപയോഗിക്കുന്നത്.

വിമാനം അബുദാബിയില്‍ നിന്ന് ചരക്കുകളില്ലാതെ ഫെറി ഫ്‌ളൈറ്റായി രാവിലെ എട്ടു മണിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് രാവിലെ 11 മണിക്ക് അബുദാബിയിലേക്ക കയറ്റുമതി ചരക്കുകളുമായി പുറപ്പെടും.

അങ്കമാലി ആസ്ഥാനമായ ഫെയര്‍ എക്‌സ്‌പോര്‍ട്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ഒരുക്കിയ ഈ ചരക്കു വിമാനത്തില്‍ ഏകദേശം 12,000 പാക്കേജുകളിലായി 80,000 കിലോഗ്രാം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയാണ് അയക്കുന്നത്. ഇവ അബുദാബിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രധാന കേന്ദ്രമായി വളര്‍ന്നു വരുന്നതിന്റെ ഉദാഹരണമാണ് ഈ കാര്‍ഗോ ഓപ്പറേഷന്‍. ഈ പ്രത്യേക കാര്‍ഗോ വിമാനത്തില്‍ 10 അംഗ ക്രൂ അംഗങ്ങളുണ്ടാകും.

കൊച്ചി- മിഡില്‍ ഈസ്റ്റ് വ്യോമ കാര്‍ഗോ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലും നശിച്ചു പോകാവുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ വിദേശ വിപണികളിലേക്ക് വേഗത്തില്‍ എത്തിക്കുന്നതിലും ഈ പ്രത്യേക സര്‍വീസ് സഹായകരമാകും.

ഇതോടൊപ്പം, രാവിലെ നിശ്ചയിച്ച ഷെഡ്യൂളിന് പുറമെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ദുബായ്- കൊച്ചി റൂട്ടില്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. 

എമിറേറ്റ്‌സ് ഫ്‌ളൈറ്റ് ഇകെ532 മാര്‍ച്ച് 05-ന് രാത്രി 21:40-ന് ദുബായില്‍ നിന്ന് പുറപ്പെട്ട് മാര്‍ച്ച് 06-ന് പുലര്‍ച്ചെ 03:00ന് കൊച്ചിയില്‍ എത്തും. തിരിച്ചുള്ള ഫ്‌ളൈറ്റ് ഇകെ533 മാര്‍ച്ച് 06-ന് പുലര്‍ച്ചെ 04:30-ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് ദുബായ് പ്രാദേശിക സമയം രാവിലെ 07:05-ന് ദുബായില്‍ എത്തും.