തിരുവനന്തപുരം : എട്ടുമാസം പ്രായമുള്ള കുഞ്ഞിന് നൽകേണ്ട മരുന്നും വെള്ളവും ഓറഞ്ചുമായി സിനിമാ തിയേറ്ററിലെത്തിയ രക്ഷിതാക്കളെ തീയേറ്ററിനുള്ളിൽ പ്രവേശിപ്പിച്ചില്ലെന്ന പരാതിയുടെ പശ്ചാത്തലത്തിൽ സിനിമാ തീയേറ്ററുകളിൽ നടക്കുന്ന ഇത്തരം പ്രവണതകളെ കുറിച്ച് നേരിട്ട് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തീരുമാനിച്ചു. കമ്മീഷന്റെ അന്വേഷണവിഭാഗം പോലീസ് സൂപ്രണ്ടിനാണ് ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകിയത്. അന്വേഷണ റിപ്പോർട്ട് 3 മാസത്തിനകം സമർപ്പിക്കണം.
പരാതിയിൽ പറയുന്ന തിരുവനന്തപുരം ഓവർ ബ്രിഡ്ജിലെ തീയേറ്റർ കോംപ്ലക്സിന് പുറമെ നഗരത്തിലെ പ്രമുഖമായ അഞ്ചോ ആറോ തീയേറ്ററുകളെ കുറിച്ചും അന്വേഷിക്കണം. ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള തീയേറ്ററുകളിലും എസ്പി പരിശോധന നടത്തണം. പരാതിയിലുള്ള തീയേറ്ററിന്റെ മാനേജരുടെയും മോശമായി പെരുമാറിയെന്ന് പരാതിക്കാരൻ ആരോപിക്കുന്ന സെക്യൂരിറ്റി ജീവനക്കാരുടെയും മൊഴിയെടുക്കണം. തീയേറ്ററിലെ കഫ്റ്റേരിയയിൽ ഏതൊക്കെ സാധനങ്ങൾ വിൽക്കുന്നുണ്ടെന്ന് അന്വേഷിക്കണം. ഇവിടെ നിന്നും വാങ്ങുന്ന സാധനങ്ങൾ മാത്രമേ തീയേറ്ററിനുള്ളിൽ അനുവദിക്കുകയുള്ളു എന്ന ആക്ഷേപവും പരിശോധിക്കണം. കഫ്റ്റേരിയയിലെ സാധനങ്ങളുടെ വിലയും അതേ സാധനങ്ങൾക്ക് പൊതുവിപണിയിലുള്ള വിലയും അന്വേഷിക്കണം. പ്രേക്ഷകർ നേരിട്ട് തീയറ്ററിൽ കൊണ്ടുവരുന്ന ലഘുഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ തീയേറ്ററിൽ നിക്ഷേപിക്കുന്നു എന്നാണ് പരാതിയെങ്കിൽ കഫ്റ്റേരിയയിൽ നിന്നും വാങ്ങുന്ന സാധനങ്ങളുടെ അവശിഷ്ടങ്ങൾ പ്രേക്ഷകർ എവിടെയാണ് നിക്ഷേപിക്കുന്നതെന്ന് കണ്ടെത്തണം. ഇവ ആരാണ് നീക്കം ചെയ്യുന്നതെന്ന് മനസിലാക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചു.
2025 നവംബർ 10 നാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. നെയ്യാറ്റിൻകര തിരുപുറം സ്വദേശി അഖിൽ ബി. ഷാജിക്കും കുടുംബത്തിനുമാണ് ദുരനുഭവം ഉണ്ടായത്. സിനിമാ തീയേറ്റിൽ ലഘുഭക്ഷണം അനുവദിക്കാതിരിക്കുന്ന പ്രവണതയെ കുറിച്ച് വിശദമായി പരിശോധിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. സിനിമാ തീയേറ്ററുകളിൽ തങ്ങൾക്ക് ഒരധികാരവും ഇല്ലെന്ന തിരുവനന്തപുരം നഗരസഭയുടെ റിപ്പോർട്ടിനെ കമ്മീഷൻ വിമർശിച്ചു. തീയേറ്ററുകൾക്ക് ലൈസൻസ് നൽകുന്നതും വിനോദനികുതി പിരിക്കുന്നതും നഗരസഭയാണെന്ന് ഉത്തരവിൽ പറഞ്ഞു. ഇത്തരം പരാതികൾ ഉണ്ടാകുമ്പോൾ പൗരന്മാരുടെ അവകാശങ്ങൾ കൂടി നഗരസഭാ ഉദ്യോഗസ്ഥർ കണക്കിലെടുക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
കുഞ്ഞിനായി കുടുംബം കൊണ്ടുവന്ന ലഘു ഭക്ഷണവും മരുന്നും തീയേറ്ററിനുള്ളിൽ കയറ്റിയില്ല: മനുഷ്യാവകാശ കമ്മീഷൻ എസ്പി അന്വേഷിക്കും
