തെരഞ്ഞെടുപ്പ് മാലിന്യം ആറായിരം ടണ്‍; അതില്‍ ചാണ്ടി ഉമ്മന്റെ മുഖമുണ്ടാവില്ല

തെരഞ്ഞെടുപ്പ് മാലിന്യം ആറായിരം ടണ്‍; അതില്‍ ചാണ്ടി ഉമ്മന്റെ മുഖമുണ്ടാവില്ല


കൊച്ചി: തെരഞ്ഞെടുപ്പും ബഹളങ്ങളും വോട്ടെണ്ണലും അവസാനിച്ചതോടെ ഒറ്റത്തെരഞ്ഞെടുപ്പ് കേരളത്തിന് നല്‍കിയത് ആറായിരം ടണ്‍ ലയിക്കാത്ത മാലിന്യമെന്ന് കണക്കുകള്‍. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 2100ഓളം സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. 

പ്ലാസ്റ്റിക്കും ഫ്‌ളെക്‌സും പോലുള്ള നശിക്കാത്ത ഉത്പന്നങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും അവ പൂര്‍ണമായും പാലിക്കപ്പെട്ടിട്ടില്ല. 

തെരഞ്ഞെടുപ്പിന്റെ അവശിഷ്ടമായി ആറായിരം ടണ്‍ മാലിന്യം ഭൂമിക്ക് ഭാരമായി കിടക്കുമ്പോള്‍ ഇതില്‍ ഒരു സ്ഥാനാര്‍ഥിയെങ്കിലും പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. 

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനാണ് ഹരിത തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. തന്റെ പ്രചരണ ബോര്‍ഡുകളോ ബാനറുകളോ പോസ്റ്ററുകളോ അദ്ദേഹം ഉയര്‍ത്തിയിട്ടില്ലെന്ന് മാത്രമല്ല സൈക്കിളിലാണ് പ്രചരണം നടത്തിയത്. പ്രചരണത്തിന് ഉപയോഗിക്കേണ്ടിയിരുന്ന തുക അദ്ദേഹം ദരിദ്രര്‍ക്ക് വീട് വെച്ച് നല്‍കാനാണ് ഉപയോഗപ്പെടുത്തിയത്. കലാശക്കൊട്ടും നടത്താന്‍ ചാണ്ടി ഉമ്മന്‍ തയ്യാറായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. എന്നിട്ടും അരലക്ഷത്തിലേറെ വോട്ടിനാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 

37കാരനായ ചാണ്ടി ഉമ്മന്‍ സൈക്കിളില്‍ സഞ്ചരിച്ചും വീടുകളില്‍ നേരിട്ടെത്തി വോട്ടഭ്യര്‍ഥിച്ചുമാണ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഒരിക്കല്‍ രാഹുല്‍ ഗാന്ധിയും സൈക്കിള്‍ ചവിട്ടി പുതുപ്പള്ളിയിലൂടെ സഞ്ചരിച്ചിട്ടുണ്ട്. 

ചാണ്ടി ഉമ്മന്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണത്തെ ശാന്തമായ വിപ്ലവം എന്നാണ് പരിസ്ഥിതി നിരീക്ഷക സുധാ മേനോന്‍ അഭിപ്രായപ്പെട്ടത്. രാജ്യവ്യാപകമായി മാതൃകയാക്കാവുന്ന രീതി രാഷ്ട്രീയ സന്ദേശത്തെ പരിസ്ഥിതി ബാധ്യതയുമായി ചേര്‍ത്ത് അവതരിപ്പിക്കുന്ന സമീപനമാണെന്നും ചൂണ്ടിക്കാട്ടി. 

ജീവിതകാലം മുഴുവന്‍ വന്‍ ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ആളും ആരവവുമില്ലാതെയാണ് സൈക്കിളില്‍ സഞ്ചരിച്ച് ആളുകളോട് സംവദിച്ചത്. സ്ഥാനാര്‍ഥി നേരിട്ട് ഓരോ വോട്ടറേയും സന്ദര്‍ശിക്കുന്നുവെന്ന പ്രത്യേകതയും ഈ രീതിക്കുണ്ട്. 

ചാണ്ടി ഉമ്മന്റെ പ്രചരണ രീതിയെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പരക്കെ സ്വാഗതം ചെയ്തിട്ടുണ്ട്. കേരളത്തിന്റെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് ചെറുതെങ്കിലും പ്രധാനപ്പെട്ട പരിഹാര രീതിയാണിതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി സന്ദേശം യുവജനങ്ങളിലേക്ക് എത്തിക്കാന്‍ സഹായകരമായ മാതൃകയാണ് ചാണ്ടി ഉമ്മന്റേതെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.