തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി വീണ, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരേ അന്വേഷണത്തിനായി എസ്‌ഐടി രൂപീകരിച്ച് സര്‍ക്കാര്‍. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. എസ്പി വിക്രമനാണ് അന്വേഷണച്ചുമതല. കേസില്‍ ഇവര്‍ക്കെതിരെയുള്ള അന്വേഷണം ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
3 ഡിവൈഎസ്പിമാരും 5 ഇൻസ്പെക്ടർമാരുമാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. അതിനുശേഷമായിരിക്കും കേസ് എടുത്ത് മുന്നോട്ടുപോകുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്.
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇക്കാര്യത്തിൽ ആഭ്യന്തര സെക്രട്ടറി സർക്കാരിൻ്റെ നിർദേശം തേടിയതിനെ തുടർന്ന് ആഭ്യന്തരമന്ത്രി അഡ്വക്കേറ്റ് ജനറൽ ജാജു ബാബുവിനോട് നിയമോപദേശം തേടിയിരുന്നു. പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇഡിയുടെ ശുപാര്‍ശയിൽ അന്വേഷണം നടത്താമെന്നാണ് എജി നിയമോപദേശം നൽകിയത്. ഇതിന് പിന്നാലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വി ഡി സതീശനും വിഷയത്തിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ഇഡിയുടെ കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തുചാടി ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. നിയമപരമായി ബാധ്യസ്ഥമായ തീരുമാനമാണ് സര്‍ക്കാര്‍ എടുത്തത്. ആരെയും വേട്ടയാടാനോ, ആരുടെയും പുറകെ നടന്ന് പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിക്കാനോ ഈ സർക്കാരില്ല. ലോ വില്‍ ടേക്ക് ഇറ്റ്‌സ് ഓണ്‍ കോഴ്‌സ്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. അപ്പോള്‍ അവര്‍ക്ക് പറയാനുള്ള എല്ലാ അവകാശവുമുണ്ട്. മുഖ്യമന്ത്രി വ്യക്തമാക്കി.
പിണറായി വിജയനെതിരെ കേസെടുക്കാന്‍ തീരുമാനിച്ചതില്‍, ഇടതുപക്ഷം മോഡി-ഇഡി-വിഡി കൂട്ടുകെട്ട് എന്ന ആക്ഷേപം ഉന്നയിക്കുന്നത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 'പേര് കേള്‍ക്കാന്‍ നല്ല രസമുണ്ടെന്നായിരുന്നു' മുഖ്യമന്ത്രിയുടെ മറുപടി. ഈ കാര്യങ്ങളൊക്കെ ചെയ്യുമ്പോള്‍ നമ്മളാരും ഇല്ലല്ലോ?. അവരിതു ചെയ്തപ്പോഴൊന്നും നമ്മളാരും ഇല്ലല്ലോയെന്നും വിഡി സതീശന്‍ ആവര്‍ത്തിച്ചു.
മാസപ്പടി അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ചു; എച്ച് വെങ്കിടേഷ് നേതൃത്വം നല്‍കും; എസ്പി വിക്രമന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍
