എറണാകുളം: കൊച്ചി വൈപ്പിനിൽ അറ്റകുറ്റപ്പണിക്കായി യാർഡിൽ നിർത്തിയിട്ടിരുന്ന കപ്പലിന് വൻ തീപിടിത്തം. പുലർച്ചെ മൂന്നുമണിയോടെയാണ് കപ്പലിൻ്റെ മുകൾഭാഗത്ത് തീ പടർന്നത്. അഗ്നിരക്ഷാസേനയുടെയും പോലീസിൻ്റെയും നേതൃത്വത്തിൽ തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.
വൈപ്പിനിലെ ഗവൺമെൻ്റ് സ്കൂളിന് പിൻഭാഗത്തുള്ള സ്വകാര്യ ഷിപ്പ് യാർഡിലാണ് സംഭവം. സർവീസ് പൂർത്തിയാക്കി മടങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് ഇടത്തരം വലിപ്പമുള്ള കപ്പലിന് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കപ്പലിൽ കെമിക്കലുകളുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും സാന്നിധ്യമുള്ളതിനാൽ തീ അതിവേഗം പടരാനുള്ള സാധ്യത കൂടുതലാണ്. ഇത് രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. തീപിടിത്തത്തിൻ്റെ വ്യാപ്തി വർധിക്കാൻ ഈ രാസവസ്തുക്കളുടെ സാന്നിധ്യം കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
വിവരമറിഞ്ഞയുടൻ വൈപ്പിനിൽ നിന്നുള്ള അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി ആദ്യഘട്ട രക്ഷാപ്രവർത്തനം ആരംഭിച്ചു. കരയിൽ നിന്നുകൊണ്ട് തീയണയ്ക്കാനായിരുന്നു ആദ്യശ്രമം. എന്നാൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കാൻ സാധിക്കാത്തതിനാൽ, ഉദ്യോഗസ്ഥർ കപ്പലിനുള്ളിൽ പ്രവേശിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. നിലവിൽ കപ്പലിൻ്റെ മുകൾഭാഗം പൂർണമായും കത്തിനശിച്ച അവസ്ഥയിലാണ്. പ്രദേശത്താകെ വൻ പുകപടലം ഉയർന്നിട്ടുണ്ട്. കൂടുതൽ ഫയർ എഞ്ചിനുകൾ സ്ഥലത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. തീരദേശവാസികൾക്കും അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കൊച്ചി വൈപ്പിനിൽ കപ്പലിന് തീപിടിച്ചു
