'അസഹിഷ്ണുതയുടെ നിഴലില്‍ 2025ലെ ക്രിസ്മസ്: കേരളത്തിന്റെ മതേതരത്വത്തിന് വെല്ലുവിളിയെന്ന് ശശി തരൂര്‍

'അസഹിഷ്ണുതയുടെ നിഴലില്‍ 2025ലെ ക്രിസ്മസ്: കേരളത്തിന്റെ മതേതരത്വത്തിന് വെല്ലുവിളിയെന്ന് ശശി തരൂര്‍



തിരുവനന്തപുരം: കേരളത്തില്‍ ആഘോഷങ്ങളുടെ ഉത്സാഹം ദൃശ്യമായിരിക്കുമ്പോഴും, 2025ലെ ക്രിസ്മസ് അത്യന്തം ആശങ്കാജനകമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞു. പ്രാദേശിക തലത്തില്‍ നടന്ന ചില ദൗര്‍ഭാഗ്യകരമായ സംഭവങ്ങളും ദേശീയ തലത്തില്‍ വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയും ഇതിന് കാരണമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

പാലക്കാട് പുതുശ്ശേരിയില്‍ ക്രിസ്മസ് കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണം കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് കനത്ത തിരിച്ചടിയാണെന്നും തരൂര്‍ പറഞ്ഞു. ഒരു ബിജെപി പ്രവര്‍ത്തകനെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. കരോള്‍ സംഘത്തിലെ അംഗങ്ങളെ മര്‍ദ്ദിക്കുകയും അവരുടെ സംഗീതോപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതോടൊപ്പം, ഛത്തീസ്ഗഢിലെ റായ്പൂരിലെ ഒരു മാളില്‍ സാന്താക്ലോസിന്റെ പ്രതിമ തകര്‍ത്ത സംഭവവും, ജബല്‍പൂരില്‍ അന്ധയായ ഒരു ക്രൈസ്തവ പെണ്‍കുട്ടിക്ക് നേരെയുണ്ടായ ആക്രമണവും, ഉത്തര്‍പ്രദേശില്‍ ഒരു പള്ളിയിലെ പ്രാര്‍ത്ഥന തടസ്സപ്പെടുത്താന്‍ ശ്രമിച്ചതുമൊക്കെ കേരളത്തിലെ ജനങ്ങളില്‍ വലിയ ആശങ്കയുണ്ടാക്കിയതായും തരൂര്‍ പറഞ്ഞു.

ഒരു കരോള്‍ സംഘം ആക്രമിക്കപ്പെടുന്നത് െ്രെകസ്തവരുടെ മാത്രം പ്രശ്‌നമല്ലെന്നും, അത് കേരളത്തിന്റെ പൊതുസംസ്‌കാരത്തിനും ഓരോ പൗരന്റെയും മൂല്യങ്ങള്‍ക്കുമെതിരായ ആക്രമണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുക്കളും മുസ്ലീങ്ങളും െ്രെകസ്തവരും പരസ്പരം കൈകോര്‍ത്ത് നിലകൊള്ളുന്നതിനാലാണ് 'കേരള മോഡല്‍' വിജയകരമായത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടക്കുമ്പോള്‍ ഭൂരിപക്ഷം മൗന സാക്ഷികളായി മാറിയാല്‍ സമാധാനം നിലനില്‍ക്കില്ല. അതിനാലാണ് ഈ ക്രിസ്മസ് കാലത്ത് തന്നെ ഇക്കാര്യങ്ങള്‍ തുറന്നുപറയേണ്ടിവന്നതെന്നും ശശി തരൂര്‍ കുറിച്ചു.