ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതേവിട്ട ഉത്തരവ് ശരി വച്ച് സുപ്രിം കോടതി. ദീര്‍ഘകാലം നീണ്ടു നിന്ന നിയമപോരാട്ടത്തിനൊടുവിലാണ് സുപ്രിം കോടതി വിധി വന്നത്.
നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് വനം വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥ നല്‍കിയ പരാതിയിലാണ് നീലലോഹിതദാസന്‍ നാടാര്‍ക്കെതിരേ കേസെടുത്തത്. സംഭവം വിവാദമായതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജി വച്ചിരുന്നു.
വിചാരണക്കോടതി കേസില്‍ നീലലോഹിതദാസന്‍ നാടാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരേ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഉത്തരവ് ലഭിച്ചത്. ഈ വിധിയെ ചോദ്യം ചെയ്തു കൊണ്ട് പരാതിക്കാരിയാണ് സുപ്രിം കോടതിയെ സമീപിച്ചത്.
പരാതി നല്‍കുന്നതില്‍ ഉണ്ടായ കാലതാമസം, പരാതിക്കാരിയുടെ മൊഴികളിലെ വൈരുധ്യം എന്നിവ കണക്കിലെടുത്താണ് സുപ്രിം കോടതിയുടെ വിധി. പരാതി നല്‍കാന്‍ വൈകുന്നത് തെളിവുകളുടെ കൃത്യത ഉറപ്പാക്കുന്നതില്‍ പ്രധാനമാണെന്നും അല്ലാത്ത പക്ഷം വിശ്വാസ്യതയെ ബാധിക്കുമെന്നും കോടതി പരാമര്‍ശിച്ചു.
മജിസ്‌ട്രേറ്റിന് മുന്‍പില്‍ നല്‍കിയ മൊഴിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ മൊഴിയും തമ്മില്‍ വൈരുധ്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതുപോലെ പരാതിക്കാരി ആദ്യം നല്‍കിയ പരാതിയിലെ വിവരങ്ങളും പിന്നീട് നല്‍കിയ മൊഴികളും യോജിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു. മുന്‍മന്ത്രിക്കെതിരെ നില നിന്നിരുന്ന മറ്റു കേസുകളോ പരാതികളോ ഈ കേസിലെ വിധിയെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. 1999ല്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ച് ഉന്നത ഉദ്യോഗസ്ഥയെ അതിക്രമിച്ചുവെന്നാണ് പരാതി.
