തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും വെള്ളക്കെട്ടും രൂക്ഷം. വിവിധ ജില്ലകളിലായി ഇതിനകം 7 പേര്‍ മരിച്ചു. കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലിലും ഉരുള്‍ പൊട്ടലിലും നാലു പേരാണ് മരിച്ചത്. കോട്ടയം പൂഞ്ഞാര്‍ സ്വദേശി റജീന ജോണി(50), മകന്‍ ജോസഫിന്‍ ജോണി(28), ഇടുക്കി സ്വദേശി സമുതി, ഇവരുടെ ബന്ധു പ്രഭാകരന്‍ നായര്‍ (72) എന്നിവരാണ് മരിച്ചത്. അതി തീവ്രമഴയില്‍ നദികള്‍ മിക്കതും അപകട നില കടന്ന് കരകവിഞ്ഞതാണ് സംസ്ഥാനത്തെ സ്ഥിതി അതീവ സങ്കീര്‍ണമാക്കിയത്.
കോഴിക്കോട് കോടഞ്ചേരിയിലും കാസർകോട് ചിറ്റാരിക്കലിലും ഉരുൾപൊട്ടൽ. കോടഞ്ചേരി ഈരൂട്ടിലുണ്ടായ ഉരുൾപൊട്ടലിൽ നാലേക്കറോളം ഭൂമി ഒലിച്ചു പോയി. മണ്ണിടിഞ്ഞ സമയത്ത് തോട്ടത്തിലോ പരിസരപ്രദേശങ്ങളിലേ ജനങ്ങൾ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായി. ചിറ്റാരിക്കലിൽ തയ്യെനി വായിക്കാനത്താണ് ഉരുൾപൊട്ടിയത്. പ്രദേശത്ത് മലവെള്ളപ്പാച്ചിലുണ്ട്. ആളാപയം റിപ്പോർട്ട് ചെയ്തിട്ടില്ല.
സംസ്ഥാനത്ത് മഴക്കെടുതിയിൽ ഏഴ് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപ്പൊട്ടലിലും മണ്ണിടിച്ചിലിലും കോട്ടയം, ഇടുക്കി ജില്ലകളിൽ നാല് പേർക്ക് ജീവൻ നഷ്ടമായി. കോട്ടയം വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് പതിനൊന്നുകാരൻ മരിച്ചു. മലപ്പുറം കൊണ്ടോട്ടിയിൽ നാല് വയസുകാരനും, വണ്ടൂരിൽ രണ്ടരവയസുകാരനും ഒഴുക്കിൽപ്പെട്ട് ജീവൻ നഷ്ടമായി.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വ്യാപകമായ മഴക്കെടുതിയാണ്. കോട്ടയം പാലായിലും ഈരാറ്റുപേട്ടയിലും കടകളിലും വീടുകളിലും വെള്ളം കയറി. ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് ശമനമായതോടെ ഇടുക്കി ഉപ്പുതറ, ചപ്പാത്ത്, ഏലപ്പാറ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലെ ജനവാസമേഖലകളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. പത്തനംതിട്ടയിലെ റാന്നിയിലും ആറന്മുളയിലും കനത്ത വെള്ളക്കെട്ടാണ്.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 9 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതലപ്പൊഴിയിൽ ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. വരും മണിക്കൂറുകളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്.
എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, മൂന്ന് മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരത്തും കൊല്ലത്തുമായി വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഒന്‍പത് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ മഴ കെടുതിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായി സാഹചര്യം വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ നിർദ്ദേശം നൽകി. സംസ്ഥാന തല ഏകോപനം റവന്യു മന്ത്രി നിർവഹിക്കും. ഇടുക്കി,പത്തനംതിട്ട,കോട്ടയം ജില്ലാ കളക്ടർമാർക്ക് അടിയന്തിര സാഹചര്യം നേരിടാൻ സജ്ജമാകണമെന്ന് നിർദ്ദേശം നൽകി. തിരുവനന്തപുരത്ത് സി.പി ജോണും പത്തനംതിട്ടയില്‍ പി.സി വിഷ്ണുനാഥും കോട്ടയത്ത് മോന്‍സ് ജോസഫും ഇടുക്കിയില്‍ അനൂപ് ജേക്കബും ക്യാമ്പ് ചെയ്യും. രണ്ടു പേരെ കാണാതായ തിരുവനന്തപുരം മുതലപ്പൊഴിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ വെസല്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദുരിതപ്പെയ്‌ത്ത്; ഉരുൾപൊട്ടൽ, സംസ്ഥാനത്ത് ഏഴ് മരണം; ഒമ്പതിടങ്ങളില്‍ റെഡ് അലർട്ട്, അടിയന്തര ജാഗ്രത നിർദ്ദേശം
