ആന്റണി രാജുവിന് കോടതിയില്‍ തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

ആന്റണി രാജുവിന് കോടതിയില്‍ തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് വീണ്ടും നിയമപരമായ തിരിച്ചടി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.

മജിസ്‌ട്രേറ്റ് കോടതി വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്നും അതുവരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടാണ് ആന്റണി രാജു അപ്പീല്‍ നല്‍കിയിരുന്നത്. എന്നാല്‍ പ്രതിഭാഗത്തിന്റെ വാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

കേസ് രജിസ്റ്റര്‍ ചെയ്തതു മുതല്‍ നടപടികള്‍ നിയമവിരുദ്ധമാണെന്നും രണ്ട് പ്രാവശ്യം കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ശിക്ഷ ന്യായീകരിക്കാനാകില്ലെന്നും ആയിരുന്നു ആന്റണി രാജുവിന്റെ വാദം. എന്നാല്‍ ഈ വാദങ്ങളെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. കേസ് സംബന്ധിച്ച നടപടികള്‍ നിയമാനുസൃതമായിരുന്നുവെന്നും ശിക്ഷ നിലനിര്‍ത്തണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.

അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തിയെന്ന കേസിലാണ് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിന് മൂന്ന് വര്‍ഷത്തെ തടവും പിഴയും വിധിച്ചത്. ശിക്ഷാനന്തരമായി അദ്ദേഹം എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു.

ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ റദ്ദാക്കിയിരുന്നെങ്കില്‍ എം.എല്‍.എ സ്ഥാനത്തേക്ക് മടങ്ങിവരാനുള്ള സാധ്യത ഉണ്ടാകുമായിരുന്നു. വിധി നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.