'വൈദ്യുതി ഉപയോ​ഗം കുത്തനെ കൂടി, നിയന്ത്രണം തുടരും'; മന്ത്രി സണ്ണി ജോസഫ്, 200 മെഗാവാട്ട് വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

'വൈദ്യുതി ഉപയോ​ഗം കുത്തനെ കൂടി, നിയന്ത്രണം തുടരും'; മന്ത്രി സണ്ണി ജോസഫ്, 200 മെഗാവാട്ട് വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി


തിരുവനന്തപുരം: വൈദ്യുതി ഉപയോ​ഗം കുത്തനെ കൂടിയെന്നും നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ചു നൽകേണ്ടത് ബാധ്യതയാണ്. കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി കുറ‍ഞ്ഞു. ഭരണപരാജയം എന്ന് പറയുന്നത് ശരിയല്ല. ഇടതുസർക്കാരിന്റെ കാലത്തും നിയന്ത്രണം ഉണ്ടായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 


അതേസമയം, 200 മെഗാവാട്ട് വൈദ്യുതി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് വാങ്ങാൻ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. 25 വർഷത്തേക്കുള്ള കരാറിലാണ് ഇരുവരും ഒപ്പുവെക്കുക. വൈകുന്നേരങ്ങളിൽ വൈദ്യുതിയുടെ ഉയർന്ന ഉപയോഗ സമയത്ത് അനുഭവപ്പെടുന്ന കടുത്ത ക്ഷാമം പരിഹരിക്കാൻ പുതിയ കരാർ സഹായകരമാകും എന്നാണ് വിലയിരുത്തൽ.


കേരളത്തിന് യൂണിറ്റിന് 2.93 രൂപ എന്ന താരതമ്യേന കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാകും. വെൽസ്പൺ റിനീവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് വാങ്ങുന്ന വൈദ്യുതിക്ക് യൂണിറ്റിന് ഏഴ് പൈസ ട്രേഡിങ് മാർജിൻ ചേർത്താണ് സെക്കി(SECI) കെഎസ്ഇബിക്ക് കൈമാറുക.


സംസ്ഥാനത്ത് നടന്ന പൊതുതെളിവെടുപ്പിനിടെ, ആവശ്യമെങ്കിൽ 500 മെഗാവാട്ട് വരെ വൈദ്യുതി നൽകാൻ കഴിയുമെന്ന് സെക്കി (SECI) വൈദ്യുതി റഗുലേറ്ററി കമ്മീഷനെ അറിയിച്ചിരുന്നു. എന്നാൽ ഈ നിർദേശത്തോട് കെഎസ്ഇബി ഇതുവരെ അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ല.