മലയാള ചലച്ചിത്രസംഗീതത്തിന്റെ ചരിത്രത്തിൽ ചില ശബ്ദങ്ങൾ കാലത്തെ അതിജീവിച്ച് തലമുറകളിലൂടെ ഒഴുകിക്കൊണ്ടേയിരിക്കും. അത്തരമൊരു അനശ്വരസ്വരമാണ് എസ്. ജാനകിയുടേത്. ആറ് പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ ഇരുപതിലധികം ഭാഷകളിലായി പതിനായിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച ജാനകി, മലയാളത്തിൽ മാത്രം 1200ലധികം സിനിമാഗാനങ്ങൾക്ക് ശബ്ദം നൽകി. മലയാളം മാതൃഭാഷയല്ലാതിരുന്നിട്ടും ഭാഷയുടെ ശുദ്ധമായ ഉച്ചാരണവും വികാരത്തിന്റെ സൂക്ഷ്മതയും ഇത്ര സ്വാഭാവികമായി പകർത്തിയ മറ്റൊരു ഗായികയെ കണ്ടെത്തുക പ്രയാസമാണ്. അതുകൊണ്ടുതന്നെ എസ്. ജാനകി മലയാളികൾക്ക് ഒരു ഗായിക മാത്രമായിരുന്നില്ല; സ്വന്തം വീട്ടിലെ ഒരംഗം തന്നെയായിരുന്നു.
മലയാളത്തിലെ ജാനകിയുടെ സംഗീതയാത്രയ്ക്ക് നിർണായക വഴിത്തിരിവായത് സംഗീതസംവിധായകൻ എം. എസ്. ബാബുരാജ് നൽകിയ അവസരമാണ്. ജാനകിയുടെ ശബ്ദത്തിലെ അപൂർവമായ മൃദുത്വവും ഭാവസമ്പന്നതയും ആദ്യം തിരിച്ചറിഞ്ഞ ബാബുരാജ് അവരെ മലയാളസിനിമയിലേക്ക് കൊണ്ടുവന്നു. തുടർന്ന് ഗാനകവി പി. ഭാസ്‌കരനും ബാബുരാജും ജാനകിയും ഒന്നിച്ചപ്പോൾ മലയാള ചലച്ചിത്രസംഗീതത്തിന്റെ സുവർണകാലത്തിന് തുടക്കമായി. പി. ഭാസ്‌കരന്റെ കവിതാസൗന്ദര്യവും ബാബുരാജിന്റെ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ലാളിത്യവും ജാനകിയുടെ ആത്മാവിൽനിന്ന് ഒഴുകിയെത്തിയ ഭാവാലാപനവും ചേർന്നപ്പോൾ പിറന്ന ഗാനങ്ങൾ ഇന്നും മലയാളിയുടെ ഹൃദയമിടിപ്പിന്റെ ഭാഗമാണ്. 'വാസന്ത പഞ്ചമി നാളിൽ..., തളിരിട്ട കിനാക്കൾ...താനേ തിരിഞ്ഞും മറിഞ്ഞും... തുടങ്ങിയ ഗാനങ്ങൾ അതിന് ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. പ്രണയത്തിന്റെ മൃദുത്വവും ഗ്രാമീണ നിഷ്‌കളങ്കതയും വിരഹത്തിന്റെ നൊമ്പരവും ഈ ഗാനങ്ങളിലൂടെ ഇന്നും അനുഭവിക്കാം.
ബാബുരാജിന് ശേഷം ജി. ദേവരാജൻ, കെ. രാഘവൻ, എം. കെ. അർജുനൻ, ശ്യാം, ജോൺസൺ, രവീന്ദ്രൻ, ഔസേപ്പച്ചൻ, എസ്. പി. വെങ്കിടേഷ്, വിദ്യാസാഗർ തുടങ്ങി തലമുറകളായ സംഗീതസംവിധായകരുടെ പ്രിയഗായികയായി ജാനകി മാറി. യേശുദാസിനൊപ്പമുള്ള യുഗ്മഗാനങ്ങൾ മലയാള ചലച്ചിത്രസംഗീതത്തിന്റെ എക്കാലത്തെയും വലിയ സമ്പത്താണ്. കുട്ടിയുടെ ശബ്ദത്തിലും യുവതിയുടെ പ്രണയഭാവത്തിലും അമ്മയുടെ വാത്സല്യത്തിലും പ്രായമായ സ്ത്രീയുടെ ജീവിതാനുഭവങ്ങളിലും ഒരേപോലെ സ്വാഭാവികമായി പാടാൻ കഴിഞ്ഞ അപൂർവ പ്രതിഭയായിരുന്നു അവർ. കഥാപാത്രങ്ങളുടെ വികാരങ്ങൾ സ്വന്തം ശബ്ദത്തിലൂടെ ജീവിപ്പിക്കാനുള്ള ഈ അസാധാരണ കഴിവാണ് ജാനകിയെ മറ്റു ഗായികമാരിൽ നിന്ന് വ്യത്യസ്തയാക്കിയത്.
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 14 തവണ നേടിയ എസ്. ജാനകി, ഈ നേട്ടം കൈവരിച്ച ഏറ്റവും ശ്രദ്ധേയയായ പിന്നണിഗായികയാണ്. ഓപ്പോൾ എന്ന ചിത്രത്തിലെ ഏറ്റുമാനൂർ അമ്പലത്തിൽ... എന്ന ഗാനത്തിന് മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ദേശീയ പുരസ്‌കാരങ്ങൾ നേടിയ അപൂർവ ഗായികയെന്ന ബഹുമതിയും അവർക്കുണ്ട്.
മലയാളികൾ എക്കാലവും ഹൃദയത്തിൽ സൂക്ഷിക്കുന്ന ജാനകിയുടെ അനശ്വരഗാനങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. തളിരിട്ട കിനാക്കൾ തൻ(മൂടുപടം), വാസന്ത പഞ്ചമി നാളിൽ(ഭാർഗവി നിലയം), 'താനേ തിരിഞ്ഞും മറിഞ്ഞും (അമ്പലപ്രാവ്) , അഞ്ജനക്കണ്ണെഴുതി(തച്ചോളി ഒതേനൻ), ഏറ്റുമാനൂർ അമ്പലത്തിൽ(ഓപ്പോൾ), സ്വപ്‌നാടനം ഞാൻ തുടരുന്നു (തുലാവർഷം), 'സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ (മദനോത്സവം), മാനസ മണിവേണുവിൽ (മൂടൽമഞ്ഞ് ), മലർകൊടി പോലെ( വിഷുക്കണി), മഴവിൽക്കൊടി കാവടി (സ്വപ്‌നം), ഉണരുണരൂ ഉണ്ണിപ്പൂവേ( അമ്മയെകാണാൻ), ഉണരൂ വേഗം നീ ( മൂടൽമഞ്ഞ് ), ഒരു കൊച്ചു സ്വപ്‌നത്തിൻ(തറവാട്ടമ്മ), മൗനമേ ( തകര), നാഥാ നീവരും (ചാമരം), തേനും വയമ്പും നാവിൽ (തേനുംവയമ്പും) അകലെ അകലെ നീലാകാശം (മിടുമിടുക്കി) തുടങ്ങി എണ്ണമറ്റ ഗാനങ്ങൾ ഇന്നും റേഡിയോയിലും ടെലിവിഷനിലും സംഗീതവേദികളിലും മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഈ പട്ടികയിൽ ഉൾപ്പെടാത്ത നൂറുകണക്കിന് ഗാനങ്ങളും ഓരോ മലയാളിയുടെയും സ്വകാര്യ ഓർമ്മകളുടെ ഭാഗമാണ്.
സംഗീതം കേവലം സ്വരങ്ങളുടെ സംഗമമല്ല, വികാരങ്ങളുടെ ഭാഷയാണെന്ന് തന്റെ ആലാപനത്തിലൂടെ തെളിയിച്ച കലാകാരിയായിരുന്നു എസ്. ജാനകി. ഒരു തലമുറയുടെ പ്രണയത്തിനും മറ്റൊരു തലമുറയുടെ ബാല്യത്തിനും അമ്മമാരുടെ താരാട്ടിനും ഭക്തിയുടെ നിമിഷങ്ങൾക്കും അവർ ശബ്ദമായി. കാലം മാറിയാലും സംഗീതത്തിന്റെ ശൈലികൾ മാറിയാലും വാസന്ത പഞ്ചമി നാളിൽ...കേൾക്കുമ്പോൾ മനസ്സിൽ ഇന്നും വസന്തം വിരിയുന്നു; തളിരിട്ട കിനാക്കൾ മുഴങ്ങുമ്പോൾ പഴയ ഓർമ്മകൾ പൂക്കുന്നു; താനേ തിരിഞ്ഞും മറിഞ്ഞും...ഉയരുമ്പോൾ മലയാളത്തിന്റെ നാടൻ സംഗീതപാരമ്പര്യം വീണ്ടും ഉണരുന്നു.
അതിനാലാണ് എസ്. ജാനകി ഒരു ഗായികയുടെ പേര് മാത്രമല്ല, മലയാളിയുടെ സംഗീതസ്മരണയുടെ മറ്റൊരു പേരായി മാറിയത്. ആ സ്വരം ഇനി പുതിയ ഗാനങ്ങൾ പാടില്ലെങ്കിലും, അവർ പാടിയ ഓരോ ഗാനവും മലയാളത്തിന്റെ ആത്മാവിൽ എന്നും അനശ്വരമായി മുഴങ്ങിക്കൊണ്ടിരിക്കും.
മലയാളത്തിന്റെ ആത്മാവിൽ എന്നും മുഴങ്ങുന്ന മധുര സ്വരം
