'ലോകസമാധാനം ഒരു മണിക്കൂർ മുമ്പേ എത്തി, അതുകൊണ്ട് 2 കോടി ചെലവഴിക്കേണ്ടി വന്നില്ല'; പിണറായി സർക്കാരിന്റെ ബജറ്റിലെ 2 കോടിയെ കുറിച്ച് സർക്കാർ മറുപടി

'ലോകസമാധാനം ഒരു മണിക്കൂർ മുമ്പേ എത്തി, അതുകൊണ്ട് 2 കോടി ചെലവഴിക്കേണ്ടി വന്നില്ല'; പിണറായി സർക്കാരിന്റെ ബജറ്റിലെ 2 കോടിയെ കുറിച്ച് സർക്കാർ മറുപടി


തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ 2022-23ലെ ബജറ്റിൽ ലോകസമാധാനത്തിന് വേണ്ടി വകയിരുത്തിയ 2 കോടി എന്തിനെന്ന ചോദ്യത്തിന് സർക്കാരിന്റെ വിശദീകരണം. വിവരാവകാശ പ്രകാരം തൃശൂർ സ്വദേശിക്ക് നൽകിയ മറുപടി പുതിയ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. തുടർ നടപടികളുണ്ടായിട്ടില്ലാത്തതിനാൽ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്നാണ് ധനവകുപ്പിന്റെ പുതിയ വിശദീകരണം. 

2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് അവതരണത്തിനിടെ അന്നത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാലായിരുന്നു ലോകസമാധാനത്തിനായി രണ്ട് കോടി രൂപ അനുവദിക്കുന്നതായി പ്രഖ്യാപിച്ചത്. ലോകമെമ്പാടുമുള്ള പ്രഗത്ഭരായ സമാധാന പ്രവർത്തകരെയും ചിന്തകരെയും ഏകോപിപ്പിച്ചുകൊണ്ട് ഓൺലൈൻ ചർച്ചകളും അന്താരാഷ്ട്ര സെമിനാറുകളും സംഘടിപ്പിക്കുന്നതിനും, ആഗോളതലത്തിൽ സമാധാന പ്രസ്ഥാനങ്ങൾക്ക് കൂടുതൽ ശക്തിപകരുന്നതിനും വേണ്ടിയാണ് ഈ തുക നീക്കിവെക്കുന്നതെന്നായിരുന്നു അന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കിയത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ ലോകസമാധാനത്തിന് പണം നീക്കിവെച്ച നടപടി അന്ന് വലിയ രീതിയിൽ ട്രോളുകൾക്ക് വഴിവെച്ചിരുന്നു.

ഈ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തുകയുടെ വിനിയോഗത്തെക്കുറിച്ച് അറിയാൻ തൃശൂർ സ്വദേശിയായ പൊതുപ്രവർത്തകൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. എന്നാൽ, ബജറ്റിൽ പ്രഖ്യാപിച്ച ഈ രണ്ട് കോടി രൂപ മറ്റ് യാതൊരുവിധ ആവശ്യങ്ങൾക്കും ഉപയോഗിച്ചിട്ടില്ലെന്നും ഈ തുകയുടെ വിനിയോഗത്തിന്മേൽ ധനവകുപ്പ് പിന്നീട് യാതൊരുവിധ തുടർനടപടികളും സ്വീകരിച്ചിട്ടില്ലെന്നുമായിരുന്നു ലഭിച്ച ഔദ്യോഗിക മറുപടി. പദ്ധതിക്കായി തുകയൊന്നും തന്നെ ഖജനാവിൽ നിന്ന് പിൻവലിച്ച് ചിലവഴിക്കാത്തതുകൊണ്ടുതന്നെ സംസ്ഥാന ഖജനാവിന് യാതൊരുവിധ സാമ്പത്തിക നഷ്ടവും സംഭവിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.

വിവരാവകാശ അപേക്ഷ നൽകിയ ഘട്ടത്തിൽ ആദ്യമൊന്നും വ്യക്തമായ മറുപടി നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല. പിന്നീട് ഹർജിക്കാരൻ അപ്പീൽ അതോറിറ്റിയെ സമീപിച്ചതിന് ശേഷമാണ് വിവരങ്ങൾ നൽകാൻ ധനവകുപ്പ് തയ്യാറായത്.