കൊച്ചി: പോണേക്കരയില്‍ റിട്ടയേര്‍ഡ് അധ്യാപികയെ വീടിനുള്ളില്‍ രക്തം വാര്‍ന്നു മരിച്ച നിലയില്‍ കണ്ടെത്തി. പോണേക്കര സ്വദേശി വനജയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ശരീരത്തില്‍ മുറിവുകളേറ്റ നിലയില്‍ രക്തം വാര്‍ന്നാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഭര്‍ത്താവിന്റെ മരണശേഷം തനിച്ചായിരുന്നു വനജയുടെ താമസം. ശാരീരിക അവശതകള്‍ നേരിട്ടിരുന്നതിനാല്‍ രാത്രികാലങ്ങളില്‍ സഹോദരിയുടെ മകളും കുടുംബവുമാണ് ഇവര്‍ക്ക് കൂട്ടിന് എത്തിയിരുന്നത്. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം വീടിന്റെ മുന്‍വാതില്‍ ഇവര്‍ സാധാരണയായി അടയ്ക്കാറില്ലെന്നും എന്നാല്‍ ഗേറ്റ് പൂട്ടാറുണ്ടെന്നുമാണ് അയല്‍വാസികള്‍ നല്‍കുന്ന വിവരം. രാത്രിയില്‍ സഹോദരിയുടെ മകള്‍ എത്തിയപ്പോഴാണ് വനജയെ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പോലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകമാണോ അതോ മറ്റ് അപകടങ്ങളാണോ എന്ന കാര്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ വ്യക്തത ലഭിക്കൂ എന്ന് പോലീസ് അറിയിച്ചു.
