കൊച്ചി: ചരിത്ര വിജയമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയതെന്ന് രാഹുല്‍ ഗാന്ധി. ജനതയുടെ ശബ്ദം കേള്‍ക്കാന്‍ ആര്‍ എസ് എസും ബി ജെ പിയും ശ്രമിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കൊച്ചിയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ആര്‍ എസ് എസും ബി ജെ പിയും അവരുടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. ആശയപരമായ സാംസ്‌കാരിക നിശ്ശബ്ദത ഉണ്ടാക്കാനാണ് ബി ജെ പിയും ആര്‍ എസ് എസും ശ്രമിക്കുന്നത്. ഇന്ത്യയുടെ സ്വത്തും അഭിമാനവും വളരെ കുറച്ചു ആളുകളിലേക്ക് ഒതുങ്ങണമെന്നാണ് അവരുടെ ആഗ്രഹം. ഇത് സാധ്യമാക്കാന്‍ ഇന്ത്യയുടെ ജനാതിപത്യത്തെ നിശബ്ദമാക്കണം.
എന്നാല്‍ മലയാളിയുടെ ശബ്ദം ഉച്ചത്തില്‍ മുഴങ്ങി കേള്‍ക്കുന്ന തെരഞ്ഞെടുപ്പായി തദ്ദേശ തെരഞ്ഞെടുപ്പു മാറി. കേരളത്തില്‍ യു ഡി എഫ് അധികാരത്തില്‍ വരുമെന്ന് തീര്‍ച്ചയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ജോലി കിട്ടാത്തതിനാല്‍ ഈ നാട് വിടുന്നു. കേരളത്തിലെ ജനങ്ങള്‍ ഇവിടെ നിന്ന് വിദേശത്ത് പോകുന്നത് നിര്‍ബന്ധിതമായ ഒരു അവസ്ഥയില്‍ ആകരുത്. ഉജ്ജ്വല വിജയത്തോടെ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളം യു ഡി എഫ് നേടുമെന്നും രാഹുല്‍ പറഞ്ഞു.
