കൊച്ചി: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്ത് ആണ് ഉപാധികളുടെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിച്ചത്. ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ബന്ധപ്പെട്ട് കേസുകളിൽ സാധാരണ ജാമ്യം നൽകാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആന്റോയ്ക്ക് എതിരെ മുൻ കേസുകളില്ല. തുടർന്നാണ് വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കോടതി ജാമ്യം അനുവദിച്ചത്. മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആൻ്റോ അഗസ്റ്റിന് കോടതി ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് ജയിലിൽ നിന്ന് നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാനാവും.
വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച കേസില്‍ കഴിഞ്ഞ പതിനേഴിനാണ് ആന്റോ അറസ്റ്റിലായത്. ആന്റോയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതിക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസികൂഷന്‍ വാദം. ആന്റോ അഗസ്റ്റിന്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രതിയെ ഒരുദിവസം കസ്റ്റഡിയില്‍ ലഭിച്ചില്ലേയെന്നും, തൊണ്ടിമുതല്‍ കണ്ടെടുത്തല്ലോയെന്നും കോടതി ചോദിച്ചു.
തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നു. വീട് തന്റെ പേരിലല്ലെന്നും, കേസില്‍പ്പെട്ടു കിടക്കുന്നതാണെന്നും, കോടതി അറ്റ്ച്ച്‌മെന്റിന്റെ പരിഗണനയിലുള്ളതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നുമായിരുന്നു ആന്റോയുടെ വാദം.
മദ്യം കണ്ടെത്തിയ വീട് വായ്പ കുടിശ്ശിക കാരണം 'സർഫാസി' നിയമപ്രകാരം ബാങ്ക് പിടിച്ചെടുത്ത് വിറ്റതാണെന്ന് ആൻ്റോ കോടതിയിൽ വാദിച്ചു. വീടിന് ഇപ്പോൾ ഉടമസ്ഥാവകാശ ബന്ധമില്ലെന്നും അവിടെനിന്ന് മദ്യം പിടിച്ചതിന് താൻ ഉത്തരവാദിയല്ലെന്നുമായിരുന്നു വാദം. രേഖകൾ പ്രകാരം കെട്ടിടത്തിന്റെ കൈവശാവകാശം ഇപ്പോഴും ആൻ്റോയുടെ പേരിൽ എന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വൈദ്യുതി, ജല ബില്ലുകൾ വരുന്നതും ആന്റോയുടെ പേരിലാണെന്നും അന്വേഷണത്തോട് പ്രതി സഹകരിക്കുന്നില്ലെന്നും പ്രൊസിക്യൂഷൻ കുറ്റപ്പെടുത്തി. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തെയും കൈവശാവകാശത്തെയും കുറിച്ച് തർക്കങ്ങളും സംശയങ്ങളും നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കസ്റ്റഡിയിൽ ചോദ്യംചെയ്യൽ പൂർത്തിയായതിനാൽ ജയിലിൽ തുടരേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന് നിർദേശം നൽകിക്കൊണ്ടാണ് കോടതി ആൻ്റോയ്ക്ക് കേസിൽ ജാമ്യം അനുവദിച്ചത്.
അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം
