സുകുമാരക്കുറുപ്പ് മരിച്ചെന്ന് അവകാശപ്പെട്ട് കേസ് പൂട്ടിക്കെട്ടാൻ തീരുമാനമെടുത്ത ക്രൈംബ്രാഞ്ചിനെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തലുകൾ. ബ്രൂണെയിൽ സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ളയാൾ ജീവിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. 24 ന്യൂസ് ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. മലേഷ്യ-ബ്രൂണെ അതിർത്തിയോട് ചേർന്ന സിംപാങ് എന്ന സ്ഥലത്ത് വ്യാജ പേരിൽ ഇയാൾ താമസിക്കുന്നതായാണ് വാര്‍ത്ത. കേസ് ഫയല്‍ ക്ലോസ് ചെയ്ത്, റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറാനിരിക്കെയാണ് സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്.
ബ്രൂണെയില്‍ നിർമാണ മേഖലയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ഒരാളിലേക്കാണ് സംശയം നീളുന്നത്. ഇയാൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സുകുമാരക്കുറുപ്പിന്റേതെന്ന് അവകാശപ്പെടുന്ന ഒരു ഫോട്ടോയും ഇതിനകം പുറത്തു വന്നിട്ടുണ്ട്. ഇയാൾ പൊതുവെ ആരോടും ബന്ധപ്പെടാതെ ഒളിച്ചു താമസിക്കുന്ന സ്വഭാവക്കാരനായിരുന്നു എന്നാണ് വിവരം. ഇയാൾ താമസിക്കുന്നതായി പറയപ്പെടുന്ന വീടിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും റിപ്പോർട്ട് പറയുന്നുണ്ട്.
ബ്രൂണെയിലുള്ള മലയാളികളുടെ സഹായത്തോടെയാണ് സുകുമാരക്കുറുപ്പെന്ന് സംശയിക്കുന്ന വയോധികന്റെ താമസ സ്ഥലത്തെത്തിയത്. അതിന്റെ ചിത്രങ്ങളും ഇയാള്‍ ശേഖരിച്ചു. തന്ത്രപരമായാണ് ഇയാള്‍ സുകുമാരക്കുറുപ്പെന്ന് സംശയിക്കുന്ന ആളിന്റെ ചിത്രവും എടുത്തത്. മാത്രമല്ല ഇയാള്‍ ഭക്ഷണം കഴിക്കാനെത്തുന്ന ഹോട്ടല്‍ കണ്ടെത്തി. സുകുമാരക്കുറുപ്പിന്റെ ചിത്രം എഐ ഉപയോഗിച്ച് തയ്യാറാക്കിയ സാധ്യമായ നൂറുകണക്കിന് ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സൈബര്‍ വിദഗ്ദന്‍ ഇതുവരെ എത്തിയത്.
ഭാര്യയുടെ ആരോഗ്യപ്രശ്നങ്ങൾ അന്വേഷിക്കുന്ന ചാറ്റ് വിവരങ്ങൾ സൈബർ വിദഗ്ധൻ സംഘടിപ്പിച്ചതായാണ് അറിയുന്നത്. ഫോൺ ഹാക്ക് ചെയ്താണ് ഇത് സാധിച്ചത്. സുകുമാരക്കുറുപ്പെന്ന് സംശയിക്കുന്നയാളുടെ വിവരങ്ങൾ ബ്രൂണെയിലെ മലയാളികളുടെ സഹായത്തോടെയാണ് 24 മാധ്യമപ്രവർത്തകൻ സംഘടിപ്പിച്ചതെന്ന് അറിയുന്നു. സുകുമാരക്കുറുപ്പിന് ഇപ്പോൾ ഏതെങ്കിലും രാജ്യത്തിന്റെ പാസ്പോർട്ട് കൈവശമുണ്ടോയെന്ന് വ്യക്തമല്ല. ഇന്ത്യൻ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞിരുന്നു. ഇയാളുടെ പക്കൽ മലേഷ്യൻ പാസ്പോർട്ടും ഉണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഈ പാസ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ട്.
1984ലാണ് സുകുമാരക്കുറുപ്പ് ചാക്കോ എന്നയാളെ കൊല ചെയ്തത്. ഇൻഷൂറൻസ് തുക തട്ടിയെടുക്കാനായി തന്റെ രൂപസാദൃശ്യമുള്ള ആളെ കൊല ചെയ്യുകയായിരുന്നു. പതിറ്റാണ്ടുകളായി കേരളാ പോലീസ് അന്വേഷിക്കുന്ന ഈ കേസിൽ ഇന്റർപോളിന്റെ അന്വേഷണവും നടക്കുന്നുണ്ട്. 1984 മുതല്‍ 1996 വരെ 12 വര്‍ഷക്കാലം കേരള പോലീസ് സുകുമാരക്കുറുപ്പിനായി ഇന്ത്യയിലുടനീളം വ്യാപകമായ തിരച്ചില്‍ നടത്തി. മുംബൈ, ഡല്‍ഹി, ബിഹാര്‍, മധ്യപ്രദേശിലെ ഹോഷംഗാബാദ് തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ കുറുപ്പ് വേഷമാറി കഴിഞ്ഞിരുന്നതായി പോലീസിന് വിവരങ്ങള്‍ ലഭിച്ചിരുന്നു. താന്‍ പിടിയിലാകാതിരിക്കാന്‍ വ്യാജ പേരുകളിലും വേഷങ്ങളിലുമാണ് കുറുപ്പ് സഞ്ചരിച്ചിരുന്നത്.
1990ല്‍ മുംബൈ സാന്താക്രൂസ് വിമാനത്താവളത്തിന് സമീപം ജോഷി എന്ന പേരില്‍ കുറുപ്പ് താമസിച്ചിരുന്നതായി പൊലീസ് രേഖകള്‍ വ്യക്തമാക്കുന്നു. ഈ സമയത്ത് ഇയാളെ പരിശോധിച്ച ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരം സുകുമാരക്കുറുപ്പ് ഹൃദ്രോഗബാധ നേരിട്ടിരുന്നുവെന്നും, ഒളിവില്‍ കഴിയുന്ന സാഹചര്യത്തില്‍ ദീര്‍ഘകാലം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നും പ്രവചിച്ചിരുന്നു.
കൂടാതെ, കൊല്‍ക്കത്തയിലെ ഒരു ആശുപത്രിയില്‍ കുറുപ്പിനെ കണ്ടതായി അവിടെ നഴ്സായി ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശിനി രത്നമ്മ പൊലീസിന് മൊഴി നല്‍കിയെങ്കിലും, പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് ഇയാള്‍ അവിടെനിന്ന് രക്ഷപ്പെട്ടു. ഒടുവില്‍ കുറുപ്പ് ജീവനോടെയില്ല എന്ന നിഗമനത്തില്‍ 42 വര്‍ഷം നീണ്ട അന്വേഷണം അവസാനിപ്പിക്കാന്‍ കേരള പൊലീസ് തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ വരുന്നത്.
ഇതുവരെ വന്ന വെളിപ്പെടുത്തലുകൾ വസ്തുതയാണെങ്കില്‍ കേരളാ പോലീസിന് നാണക്കേടാകുമെന്നുറപ്പാണ്. ക്രൈംബ്രാഞ്ച് കേസന്വേഷണം മൂന്ന് മാസം മുമ്പ് വീണ്ടും തുടങ്ങിയിരുന്നു. പുതിയ ടീമിനെ വെച്ചുള്ള അന്വേഷണം കേസ് അവസാനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ആരോപണമുണ്ടായിരുന്നു. കേരളാ പോലീസിലെ ഉന്നതരുടെ സഹായത്തോടെയാണ് സുകുമാരക്കുറുപ്പ് ഒളിവിൽ കഴിയുന്നതെന്ന് ആരോപണമുണ്ട്.
അങ്ങനെ ക്ലോസാവില്ല ഈ കുറുപ്പ്... സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് പുതിയ വെളിപ്പെടുത്തൽ; കേസ് ക്ലോസ് ചെയ്യാൻ പോയ ക്രൈംബ്രാഞ്ച് വീണ്ടും കുരുക്കിൽ
