റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടവരിൽ മൂന്ന് മലയാളികളും. ആകെ ആറ് ഇന്ത്യക്കാരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കണ്ണൂര്‍ തലശ്ശേരി സ്വദേശിനി സങ്കീര്‍ത്ത സുരേഷ് (26), കാസര്‍കോട് അറ്റങ്ങനം പാറക്കല്‍ വീട്ടില്‍ അഷ്റഫ് കൊളങ്ങരടി (53), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഹേമന്ത് (29), ആന്ധ്ര സ്വദേശി വിനോദ് കുമാര്‍ (31), തമിഴ്നാട് സ്വദേശി ഗോവിന്ദ്, ഗുജറാത്ത് സ്വദേശി ജിഗ്നേഷ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ദുബൈയില്‍ താമസിച്ചിരുന്ന തലശ്ശേരി പന്ന്യന്നൂര്‍ സ്വദേശി സങ്കീര്‍ത്ത സുരേഷ്, പുതിയ ജോലിയില്‍ പ്രവേശിക്കാനായി ഒമാനില്‍ പോയി വിസമാറി തിരിച്ചു വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്. കാസര്‍കോട് സ്വദേശി അഷ്റഫ് വര്‍ഷങ്ങളായി യുഎഇയില്‍ പ്രവാസിയാണ്. പുതിയ വിസയിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് അഷ്റഫും ഹേമന്തും ഒമാനില്‍ പോയത്. മട്ടന്നൂരിലെ വിമുക്ത ഭടന്‍ കെ വി മോഹനന്റെയും റിട്ട അധ്യാപിക പി കെ സുമംഗലയുടെയും മകനാണ് മരിച്ച ഹേമന്ത്. മരിച്ചവരില്‍ കൂടുതല്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു സൂചന.
യുഎഇയിൽ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു സങ്കീർത്ത. പിതാവ്: സുരേഷ് ബാബു, മാതാവ്: വിമല. ഗൾഫിൽ എഞ്ചിനീയറായ സമൃദ്ധ് സുരേഷ് സഹോദരനാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ പ്രാദേശിക അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഹെൽപ്പ് ലൈൻ നമ്പർ: 80046342
ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെ അല്‍ മനായിലാണ് അപകടമുണ്ടായത്. ദുബായിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സി വഴി വീസ മാറ്റുന്നതിന് ഒമാനില്‍ പോയി മടങ്ങി വരുന്ന ബസ്സിന് പിറകില്‍ ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ബ്രേക്ക് ഡൗണായി തകരാര്‍ പരിഹരിക്കുന്നതിനായി റോഡില്‍ നിര്‍ത്തിയിട്ടിരിയ്ക്കുകയായിരുന്നു ബസ്. 41 യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. ശ്രീലങ്കയില്‍ നിന്നുള്ള ഒരാളും ഫിലിപ്പീന്‍സില്‍ നിന്നുള്ള ഒരാളും ഉള്‍പ്പടെ 13 പേര്‍ മരിച്ചതായാണ് ഷാര്‍ജ പോലീസ് പുറത്തു വിട്ട കണക്ക്. 14 പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
അപകടവിവരം ലഭിച്ചയുടൻ പ്രത്യേക അടിയന്തര രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി. ആംബുലൻസ് ജീവനക്കാർ, സിവിൽ ഡിഫൻസ് വിഭാഗം, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി രക്ഷാപ്രവർത്തനത്തിനും അടിയന്തര വൈദ്യസഹായത്തിനും നേതൃത്വം നൽകിയിരുന്നു.
റാസൽഖൈമ വാഹനാപകടം; മരിച്ചവരിൽ മൂന്ന് മലയാളികളടക്കം ആറ് ഇന്ത്യക്കാരെന്ന് സ്ഥിരീകരണം
